കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും. എ.വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിക്കും.
ആത്മകഥ പുറത്തായതോടെ ഇ.പി.ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കോട്ടയം ഡി.വൈ.എസ്.പി. കെ.ജി.അനീഷാണ് ജയരാജനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് എടുത്തതിന് പിന്നാലെ ശ്രീകുമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ നിലപാട് അറിക്കാൻ പൊലീസിനോട് കോടതി നിർദേശിക്കുകയായരുന്നു.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങൾ പുറത്ത് വന്നത്. തുടർന്ന് ഇത് തൻറെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തു. അതോടെ വിവാദം മുറുകി. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡി.സി. ബുക്സുമായി ഇ.പി. ജയരാജൻ കരാറിലേർപ്പെട്ടിരുന്നില്ലെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. അതേസമയം, ആത്മകഥാ ഭാഗം ചോർന്നത് ഡി.സി ബുക്സിൽ നിന്നാണെന്ന കണ്ടെത്തിയത്.
ഡി.സി ബുക്സിൻറെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡി.ജി.പിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.