കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെയും അഴിമതിക്കസിൽ വിചാരണ ചെയ്യാൻ അനുമതി നിഷേധിച്ച് സർക്കാർ. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിതേടി സി.ബി.ഐ നൽകിയ അപേക്ഷയിലാണ് വ്യവസായ വകുപ്പിന്റെ നടപടി.
സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ കശുവണ്ടി ഇടപാടിൽ അഴിമതിയോ ഗൂഢാലോചനയോ നടത്തിയതിന് തെളിവില്ലെന്ന് വിശദീകരിച്ചാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ ഉത്തരവ്.
സി.ബി.ഐ നൽകിയ അനുമതി അപേക്ഷയിൽ നടപടിയില്ലാതിരുന്നതിനെത്തുടർന്ന് കോർപറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നടത്തുന്ന കടകംപള്ളി മനോജ് നൽകിയ ഹരജിയിൽ എത്രയുംവേഗം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. ഉടൻ ഉത്തരവിടുമെന്ന് ഓൺലൈൻ മുഖേന നേരിട്ട് ഹാജരായ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളല്ലെന്ന് അനുമതി നിഷേധിച്ചുള്ള ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ മാത്രമാണുള്ളത്. 25,000 തൊഴിലാളികളും 900 ജീവനക്കാരും 30 ഫാക്ടറികളും കശുവണ്ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ലാഭേച്ഛ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല കോർപറേഷന്റെ പ്രവർത്തനം.
അതേസമയം, ഉൽപന്നത്തിന്റെ ഗുണത്തിലും അളവിലും വിലയിലും വിട്ടുവീഴ്ചയും ചെയ്യുന്നില്ല. അതിനാൽ, അസംസ്കൃത വസ്തുക്കൾ ഉറപ്പാക്കാനുള്ള നടപടികളാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഡയറക്ടർ ബോർഡ് തീരുമാന പ്രകാരമാണ് ടെൻഡർ വിളിച്ച് ഇടപാടുകൾ നടത്തിയത്. ബോർഡ് ചുമതലപ്പെടുത്തിയപ്രകാരമാണ് അന്നത്തെ ചെയർമാനും എം.ഡിയും കരാർ ഒപ്പിട്ടത്. ഈ സാഹചര്യങ്ങളൊന്നും വിലയിരുത്താതെയാണ് സി.ബി.ഐയുടെ കണ്ടെത്തലുകൾ. ഇവരെ വിചാരണ ചെയ്യാനുള്ള വസ്തുതകൾ സി.ബി.ഐ കുറ്റപത്രത്തിലില്ലെന്നും ഉത്തരവിൽ പറയുന്നു.
2006-15 കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിലാണ് കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും ആരോപിക്കപ്പെട്ടത്. പ്രാദേശിക വിപണിയിൽനിന്ന് അസംസ്കൃത കശുവണ്ടി വാങ്ങാൻ സർക്കാർ ഇക്കാലയളവിൽ 80 കോടി രൂപ അനുവദിച്ചെങ്കിലും പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി വിദേശത്തുനിന്നടക്കം ഇറക്കുമതി നടത്തിയെന്നായിരുന്നു ആരോപണം. മാർച്ച് 28ന് ഹരജി ഹൈകോടതിയുടെ പരിഗണനക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.