തിരുവനന്തപുരം: കാസ്റ്റിങ് കൗച്ച് പണ്ടും ഉണ്ടായിരുന്നതായും പുതിയ കാലത്തെ സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്നും നടി ശാരദ. ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് ശാരദയുടെ അഭിപ്രായം. കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളിൽ ഒരാളായിരുന്നു ശാരദ. റിപ്പോർട്ടിലെ 183 മുതൽ 189 വരെ പേജുകളിലാണ് ശാരദ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
മറച്ചുെവക്കുക എന്നതിനെക്കാൾ ഇപ്പോൾ വസ്ത്രധാരണ രീതി ശരീരഭാഗങ്ങൾ എടുത്തുകാട്ടുന്ന വിധത്തിലാണ്. പഴയകാലത്ത് സെറ്റുകളിൽ ദ്വയാർഥ പ്രയോഗം വരുന്ന തമാശകളൊന്നും ഉണ്ടായിരുന്നില്ല. നടിമാരുടെയോ ജൂനിയർ ആർട്ടിസ്റ്റുകളുടെയോ ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നതു പോലുള്ള ലൈംഗിക അതിക്രമങ്ങളും നടക്കുമായിരുന്നില്ല. ഇന്ന് ഇത്തരം പീഡനങ്ങൾ ഇല്ലെന്ന് പറയാനാകില്ല. ഇന്നത്തെ കാലത്ത് സ്ത്രീകൾ വാതിലിൽ മുട്ടു കേൾക്കുന്നത് സാധാരണയായിട്ടുണ്ട്.
സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ പ്രതിഫലമെന്ന തത്ത്വത്തോട് യോജിക്കാനാവില്ല തുടങ്ങി പല പ്രശ്നങ്ങളെയും ലളിതവത്കരിക്കുന്ന റിപ്പോർട്ടാണ് ശാരദയുടേതായി പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകർ നായകൻ ആരെന്ന് തിരയുന്നവരാണ്. അതുകൊണ്ടു തന്നെ തുല്യവേതനം അംഗീകരിക്കാനാവില്ല. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഇന്നത്തെ കാലത്ത് സ്ത്രീകൾ സധൈര്യം മുന്നോട്ടു വരുന്നുണ്ട്. എന്നാൽ, അത്തരക്കാർ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുകയാണ്.
നിലവിലെ അവസ്ഥ മാറ്റുക എളുപ്പമല്ല. മുമ്പ് നായകനും നായികയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധം ഉണ്ടായിരുന്നു. സ്ത്രീകളുടെ ലഭ്യത അന്നും ഒരു പെർസെപ്ഷൻ ആയിരുന്നു. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമായി വെൽഫെയർ ഫണ്ട് ഒരുക്കണമെന്ന ശിപാർശ വളരെ ശക്തമായിതന്നെ താരം മുന്നോട്ടുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.