മൂന്നാർ: അരിക്കൊമ്പനെ പിടികൂടാൻ വെള്ളിയാഴ്ച ദൗത്യം ആരംഭിച്ചതുമുതൽ വില്ലൻ റോളിൽ ചക്കക്കൊമ്പനും പ്രത്യക്ഷപ്പെട്ടിരുന്നു. ആനക്കൂട്ടത്തോടൊപ്പം കണ്ട ചക്കക്കൊമ്പനെയാണ് ആദ്യ മണിക്കൂറുകളിൽ അരിക്കൊമ്പനെന്ന് ദൗത്യസംഘം തെറ്റിദ്ധരിച്ചത്.
ശനിയാഴ്ച രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പൻ ഉണ്ടായിരുന്നു. മയക്കുവെടിയേറ്റുനിന്ന അരിക്കൊമ്പന് സമീപം ചക്കക്കൊമ്പൻ നിലയുറപ്പിച്ചതും ആശങ്ക സൃഷ്ടിച്ചു. അരിക്കൊമ്പന്റെ 150 മീറ്റർവരെ അടുത്തെത്തിയ ചക്കക്കൊമ്പനെ തുരത്തിയ ശേഷമായിരുന്നു ദൗത്യസംഘത്തിന്റെ തുടർനടപടി.
ശനിയാഴ്ച രാവിലെ ദൗത്യത്തിന്റെ ആദ്യമണിക്കൂറിൽ അരിക്കൊമ്പനായുള്ള തിരച്ചിലിനിടെ കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തോളം ആനകൾ ദൗത്യസംഘത്തിന്റെ ഫ്രെയിമിൽ എത്തിയിരുന്നു. ഇതിൽനിന്ന് അരിക്കൊമ്പനെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി.
അരിക്കൊമ്പൻ ആനയിറങ്കൽ ജലാശയവും ദേശീയപാതയും കടന്ന് പെരിയകനാൽ എസ്റ്റേറ്റിന്റെ മുകൾഭാഗത്തെ ശങ്കരപാണ്ഡ്യന്മേട്ടിൽ ഉള്ളതായി വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ കണ്ടെത്തിയിരുന്നു. എന്നാൽ, രാത്രി ഇവൻ തിരിച്ച് ചിന്നക്കനാൽ മേഖലയിലേക്കെത്തി. സിമന്റ് പാലം ഭാഗത്ത് തിരയുന്നതിനിടെയാണ് മറ്റൊരു ആനക്കൂട്ടത്തെ കണ്ടത്.
ഈ കൂട്ടത്തിൽ അരിക്കൊമ്പൻ ഇല്ലെന്നറിഞ്ഞതോടെ സൂര്യനെല്ലിക്കും 301കോളനിക്കും ഇടക്കുള്ള മലനിരകളിലാണ് പിന്നെ ദൗത്യസംഘം പരതിയത്. ഇവിടെ കണ്ടെത്തിയ കൊമ്പനെ പടക്കംപൊട്ടിച്ച് താഴേക്കെത്തിച്ച് മയക്കുവെടി വെച്ചതോടെയാണ് ചക്കക്കൊമ്പന്റെ രംഗപ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.