കൊച്ചി: നിയമവിരുദ്ധമായ ആവശ്യം ഉന്നയിക്കുകയും അധികാരപരിധി മറികടന്ന് പ്രവർത്തിക്കുകയും ചെയ്തതിനാലാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയുൾപ്പെടെ കേരള സർവകലാശാല സെനറ്റിൽനിന്ന് പുറത്താക്കിയതെന്ന് ചാൻസലർ കൂടിയായ ഗവർണർ ഹൈകോടതിയിൽ. വൈസ് ചാൻസലർ നിയമനത്തിന് സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്നായിരുന്നു സെനറ്റിന്റെ ആവശ്യം.
നിയമത്തിന് വിരുദ്ധമാണ് ഈ ആവശ്യം. കടുത്ത അവഹേളനമാണിതെന്നും ചാൻസലർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. സെനറ്റിൽനിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൊവ്വാഴ്ച പരിഗണിക്കും. ഹരജിക്കാരായ സെനറ്റംഗങ്ങളെ പുറത്താക്കിയതിനുപകരം പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരിക്കുകയാണ്.
വി.സി നിയമനത്തിന് യു.ജി.സി പ്രതിനിധിയായി കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രഫ. ബട്ടു സത്യനാരായണ, ഗവർണറുടെ പ്രതിനിധിയായി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി എന്നിവരെ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ആഗസ്റ്റ് അഞ്ചിന് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സെനറ്റിന്റെ നോമിനി കൂടി ഇതിൽ വേണമെന്നതിനാൽ പേരു നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സെനറ്റിന്റെ പ്രതിനിധിയെ ശിപാർശ ചെയ്യുന്ന മുറക്ക് ഉൾപ്പെടുത്താൻ കഴിയുന്ന തരത്തിലായിരുന്നു വിജ്ഞാപനം. എന്നാൽ, പ്രതിനിധിയെ നിശ്ചയിക്കാതെ വിജ്ഞാപനം പിൻവലിക്കാൻ ആവശ്യപ്പെട്ടത് വീഴ്ചയാണ്. പ്രതിനിധിയെ ശിപാർശ ചെയ്യുന്നത് വൈകിപ്പിക്കാനാണ് സെനറ്റ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും ഗവർണർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.