തിരുവനന്തപുരം: ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം മത്സര പരീക്ഷകളിലേക്ക് വഴിമാറിയ സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ ചോദ്യങ്ങളുടെയും മൂല്യനിർണയത്തിന്റെയും രീതിയിൽ പരിഷ്ക്കാരത്തിന് നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്രധാന കേന്ദ്ര, സംസ്ഥാന പരീക്ഷ ബോർഡുകളുടെ മൂല്യനിർണയ രീതി വിലയിരുത്തി എസ്.സി.ഇ.ആർ.ടി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾക്ക് പുറമെ ഏഴ് സംസ്ഥാനങ്ങളിലെ പരീക്ഷ ബോർഡുകളുടെ മൂല്യനിർണയ രീതിയുമാണ് എസ്.സി.ഇ.ആർ.ടി പഠിക്കുന്നത്. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികളെ കൂടുതൽ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി, എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷകൾക്ക് പുറമെ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി തുടങ്ങിയ പ്രവേശന പരീക്ഷകളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ ചോദ്യങ്ങളുടെ രീതിയിൽ ഉൾപ്പെടെ മാറ്റം ലക്ഷ്യമിട്ടുള്ള പഠനം നടത്തുന്നത്. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളിൽ പിന്നാക്കം പോകുന്നുവെന്ന കണക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്നിരുന്നു. വിദ്യാർഥികളെ മത്സര പരീക്ഷകൾക്ക് കൂടി സജ്ജരാക്കുന്ന രീതിയിലല്ല സംസ്ഥാനത്തെ പൊതുപരീക്ഷയിലെ ചോദ്യങ്ങളുടെ രീതിയെന്നാണ് പൊതുവെയുള്ള വിമർശനം.
ഇത് ഉൾപ്പെടെ പരിശോധിച്ച് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലെ കഴിഞ്ഞ നാല് വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ഇതിനകം എസ്.സി.ഇ.ആർ.ടി ശേഖരിച്ചു. സംസ്ഥാന സിലബസുകളിൽ താരതമ്യേന ഉയർന്ന നിലവാരമുള്ളതെന്ന് കരുതുന്ന പഞ്ചാബ്, ഹരിയാന എന്നിവയുടെയും മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെയും ചോദ്യപേപ്പറുകളും എസ്.സി.ഇ.ആർ.ടി വിലയിരുത്തലിനായി ഉപയോഗിക്കും. പുറമെ നിന്നുള്ള വിദഗ്ദരുടെ കൂടി സഹായത്തോടെയാകും ചോദ്യപേപ്പറും മൂല്യനിർണയ രീതിയും വിലയിരുത്തുക. നിലവിൽ ദേശീയ പ്രവേശന പരീക്ഷകളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉപയോഗിക്കുന്നത്. ഈ രീതിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനുള്ള പ്രാപ്തി കേരളത്തിലെ വിദ്യാർഥികളിൽ വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.