ഊർജ സംഭരണ അനുപാതം മാറ്റി; സൗരോർജം തേടി ഇനി കെ.എസ്.ഇ.ബി അലയണ്ട

തൃശൂർ: ഊർജ മന്ത്രാലയത്തെ ഭയന്ന് വൈദ്യുതി വാങ്ങാനായി സൗരോർജ കമ്പനികൾക്ക് പിറകെ പോയി ഇനി കെ.എസ്.ഇ.ബിക്ക് കരാറുണ്ടാക്കേണ്ട. നിർബന്ധമായും സംസ്ഥാനം ഉൽപാദിപ്പിക്കേണ്ടതോ വാങ്ങേണ്ടതോ ആയ സൗരോർജത്തിന്റെ അനുപാതം കേന്ദ്ര ഊർജ മന്ത്രാലയം വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ ജല വൈദ്യുത പദ്ധതികളിൽ നിന്നുൾപ്പെടെ കെ.എസ്.ഇ.ബിക്ക് വൈദ്യുതി സ്വരൂപിക്കാനാകും.

26,000 മില്യൺ യൂനിറ്റാണ് കേരളത്തിലെ പ്രതിവർഷ വൈദ്യുത ഉപഭോഗം. 8000 മില്യൺ യൂനിറ്റ് ജല വൈദ്യുത പദ്ധതി വഴി ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ബാക്കിയുള്ള വൈദ്യുതി വാങ്ങലിൽ 10.5 ശതമാനം സോളാർ വൈദ്യുതി വേണമെന്ന് ഊർജ മന്ത്രാലയം നിഷ്കർഷിച്ചിരുന്നു (റിന്യുവബ്ൾ പർചേസ് ഒബ്ലിഗേഷൻ). ഈ അനുപാതമാണ് മാറ്റിമറിച്ച് പുതിയ ഉത്തരവിറക്കിയത്.

ജലം, കാറ്റ്, സോളാർ എന്നിവ ഉൾപ്പെടുന്ന പട്ടികയിൽനിന്ന് 24.61 മുതൽ 43.33 ശതമാനം വരെ ഊർജസംഭരണം 2030നുള്ളിൽ നടത്തണമെന്നാണ് പുതിയ ഊർജ സംഭരണ ബാധ്യത നിർദേശത്തിൽ നിഷ്കർഷിക്കുന്നത്. കേരളത്തിൽ എളുപ്പം ലഭ്യമായ ഊർജ സ്രോതസ്സ് എന്ന നിലയിൽ ജല വൈദ്യുത പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെ.എസ്.ഇ.ബിക്കാകും. 2019ന് ശേഷം കമീഷൻ ചെയ്ത വൈദ്യുത പദ്ധതികൾ ഈ പരിധിയിൽ ഉൾപ്പെടുമെന്ന് മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്.

ടാറ്റ സോളാർ പവറുമായി സഹകരിച്ച് സൗരപദ്ധതിയിൽ 35 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് സർക്കാർ മാസം മുമ്പ് കരാർ ഒപ്പിട്ടിരുന്നു. കായംകുളത്തെ കേന്ദ്ര സ്ഥാപനമായ എൻ.ടി.പി.സിയുമായി റിസർവോയറിൽ പരന്ന് കിടക്കുന്ന േഫ്ലാട്ടിങ് സോളാർ പദ്ധതിക്കായി ചർച്ച നടത്തിവരുകയാണ്. ഇതേ പദ്ധതിക്കായി ജിയോ എനർജി താൽപര്യം പ്രകടിപ്പിച്ചിരുന്നു. കാൽ നൂറ്റാണ്ടിലേറെ കാലത്തേക്കുള്ള കരാറുകളിലാണ് ചർച്ചയെന്നത് വൻ ബാധ്യതയാകുമെന്ന ആശങ്കയുണ്ട്.

നേരത്തെ 2010 മുതൽ 2020 വരെയുള്ള ഊർജ സംഭരണ ബാധ്യത നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 10.5 ശതമാനം സോളാർ വൈദ്യുത സംഭരണത്തിനുള്ള നടപടികൾ കെ.എസ്.ഇ.ബി മുന്നോട്ട് കൊണ്ടുപോയത്. ജലലഭ്യത ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്തിന് ഇനി താരതമ്യേന ചെലവ് കുറഞ്ഞ ജല വൈദ്യുത പദ്ധതികളെ കൂടുതൽ ഉപയോഗപ്പെടുത്താനാകുമെന്ന സന്തോഷത്തോടൊപ്പം ദീർഘ കാല സോളാർ കരാറുകൾ വരുത്തുന്ന ബാധ്യത സംബന്ധിച്ച ആശങ്കയും വൈദ്യുത മേഖലയിലെ വിദഗ്ധർ പങ്കുവെക്കുന്നു.

Tags:    
News Summary - Changed the energy storage ratio; KSEB is no longer looking for solar energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.