റമ്മികളിയും പ്രവചന ഗെയിമും എം.പി.എല്ലും അടക്കമുള്ള ഓൺലൈൻ ഗെയിമിെൻറ നീരാളിപ്പിടിത്തത്തെ കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗം
ലോക്ഡൗണിൽ വീട്ടിലിരുന്ന് മുഷിഞ്ഞ നേരത്ത് എന്തു കണ്ടാലും ഒരു കൈനോക്കാൻ ഒരുക്കമായിരുന്നു ഏതാണ്ട് എല്ലാവരും. അത് ഓണ്‍ലൈന്‍ ഗെയിം കമ്പനികൾക്ക് ചാകരയായി. കൗമാരക്കാർ മുതല്‍ വീട്ടമ്മമാര്‍ വരെ ഓണ്‍ലൈന്‍ ഗെയിമുകളുടെ തട്ടിപ്പ് വലയിൽ വീണു. ലോക്ഡൗണ്‍ കാലത്ത് 16നും 20നുമിടയിൽ പ്രായമുള്ളവരിൽ ഗെയിമിങ് ആസക്തി 30 ശതമാനം വര്‍ധിച്ചതായി ബംഗളൂരുവിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്ലി, നടി തമന്ന ഭാട്ടിയ എന്നിവർക്കെതിരെ നടപടി തേടി ചെന്നൈയിലെ സാമൂഹിക പ്രവർത്തകൻ അഡ്വ. എ.പി. സൂര്യപ്രകാശം ജൂലൈ 31ന് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി. ഇവർ മാത്രമല്ല, നടന്മാരായ പ്രകാശ് രാജും റാണ ദഗ്ഗുബാട്ടിയും റമ്മികളി പരസ്യതാരങ്ങളാണ്. മലയാള നടന്മാരും ഓൺലൈൻ ഗെയിമുകളെ ജനപ്രിയമാക്കാൻ രംഗത്തിറങ്ങി. റമ്മി പ്രോത്സാഹിപ്പിക്കുന്ന പരസ്യം നടൻ അജുവർഗീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത് ഏറെ വിവാദമായിരുന്നു. ഇതൊക്കെ കണ്ട് ഒന്ന് കളിച്ചുനോക്കിയാലെന്ത് എന്ന് സാധാരണക്കാർ ചിന്തിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
പേരുകേട്ടാൽ ഐ.പി.എല്ലിനോട് സാമ്യം തോന്നുന്ന ഒരു കളിയുണ്ട്. ഗ്രൗണ്ടിലല്ല, കളി മുഴുവൻ കൈയിലെ മൊബൈലിൽ ആണെന്നു മാത്രം. ഒരു ലക്ഷം വരെ ലഭിക്കുമെന്ന വാഗ്ദാനം കേട്ട് കളിച്ചാൽ വഴിയാധാരമുറപ്പ്. 30ലധികം കളികളുണ്ട്. എങ്ങനെ കളിച്ചാലും ചെറു തുകകളിൽ കൂടുതൽ നേടാൻ കഴിയില്ലെന്ന് രണ്ടുമാസം പല ടൂർണമെൻറുകൾ ഈ ആപ്പിൽ കളിച്ച യുവാവ് പറയുന്നു. ചില കളികൾ വിജയിച്ചാൽ പണത്തിനു പകരം ടോക്കൺ ആണ് കിട്ടുക. അതുപയോഗിച്ച് വീണ്ടും കളിക്കാം. തുക പിൻവലിക്കാൻ കഴിയില്ല. ബോണസ് കാശും പിൻവലിക്കാനാവില്ല. ഡെപ്പോസിറ്റ് തുക ഉപയോഗിച്ച് കളിച്ച് നേടിയാലേ പിൻവലിക്കാൻ കഴിയൂ. പിൻവലിക്കാൻ തുനിഞ്ഞാലോ വാലറ്റിൽ നല്ല തുക ബാലൻസ് ഉണ്ടെങ്കിലോ നെറ്റ്്വർക്ക് കണക്ഷൻ അടക്കമുള്ള പ്രശ്നങ്ങളിലൂടെ കളി തടസ്സപ്പെടും. നെറ്റ്വർക്ക് ശരിയായി വരുേമ്പാഴേക്ക് വാലറ്റിലെ തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നു.
2019ൽ ഈ ആപ് വലിയൊരു ചെസ് മത്സരം നടത്തി. പ്രചാരണത്തിന് ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനെ നിയമിച്ചു. വിജയിക്ക് അഞ്ചുലക്ഷം സമ്മാനം വാഗ്ദാനവും ചെയ്തു. ഒരു മൊബൈലും ഇൻറർനെറ്റ് കണക്ഷനുള്ള ഫോണുള്ള ആർക്കും സൗജന്യമായിരുന്നു പ്രവേശനം. ഇതിന് ശേഷമുള്ള മാസങ്ങളിൽ ഗെയിം 2000 ശതമാനം വളർച്ചയാണ് നേടിയത്.
കൊറോണ വൈറസിെൻറ വിളയാട്ടത്തിൽ ലോകം അന്തിച്ചുനിൽക്കുേമ്പാഴും ഈ വർഷം മാർച്ച് പകുതി മുതൽ ഓൺലൈൻ ഗെയിമിങ് 21 ശതമാനത്തിൽ കൂടുതൽ വളർച്ചനിരക്കാണ് രേഖപ്പെടുത്തിയത്. 2019ൽ ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് വ്യവസായം 40 ശതമാനം വർധിച്ച് വരുമാനം 6500 കോടിയിലെത്തി. ഗെയിമർമാരുടെ എണ്ണം 36 കോടി വരും. ഇത് യു.എസ് ജനസംഖ്യയേക്കാൾ കൂടുതലാണ്. 2014നും 2020നും ഇടയിൽ ഈ വ്യവസായത്തിൽ സംരംഭകർ ഏകദേശം 2700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. സമ്പാദ്യം മുഴുവനിറക്കി കളിക്കുന്ന ദൗർഭാഗ്യവാന്മാർ പാപ്പരാവുേമ്പാൾ ഓൺലൈൻ ചൂതാട്ട മുതലാളിമാർ കോടികൾ കൊയ്യുന്നു.
ഓൺലൈൻ റമ്മി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും 12 വർഷമായി നടത്തി വരുന്നതായും ദ ഓൺലൈൻ റമ്മി ഫെഡറേഷൻ സി.ഇ.ഒ സമീർ ബാർഡെ പറയുന്നു. രജിസ്റ്റർ ചെയ്ത ഏഴ് ദശലക്ഷം കളിക്കാരുണ്ടത്രേ. പ്രായപൂർത്തിയാകാത്ത കളിക്കാരെ അനുവദിക്കാറില്ലെന്നും ഒരാൾക്ക് സ്വയം ഒഴിവാകാമെന്നും മറ്റുമാണ് വിമർശനങ്ങൾക്കെതിരായ ഫെഡറേഷെൻറ പ്രതികരണം. പക്ഷേ, കളിച്ച് രസം കയറി കൈവിട്ടുപോകുന്ന പണം തിരിച്ചുപിടിക്കാൻ വീണ്ടും കളിക്കുന്ന സാധാരണക്കാർ നിബന്ധനകൾ നോക്കാൻ മെനക്കെടില്ലെന്ന് ഇവർക്ക് നന്നായി അറിയാം. പ്രായം കൂട്ടിക്കാണിച്ച് കളിക്കാൻ കയറിയ കുട്ടികളാണ് മാതാപിതാക്കളുടെ അക്കൗണ്ടിൽനിന്നും ക്രെഡിറ്റ് കാർഡിൽനിന്നും പണം വലിച്ച് കളിച്ചു തുലക്കുന്നവരിൽ ഒരു ഭാഗം.
പണ്ട് മറ്റുള്ളവരോട് ചോദിച്ചും ഗൂഗ്ളിൽ നോക്കിയുമാണ് ആളുകൾ സംശയം തീർത്തിരുന്നതെങ്കിൽ ഇപ്പോൾ ഏത് സംശയത്തിനും യൂ ട്യൂബിൽ തിരഞ്ഞ് വിഡിയോ കണ്ട് മനസ്സിലാക്കുകയാണ് ട്രെൻഡ്. പപ്പടം പൊരിക്കാനും കേക്കുണ്ടാക്കാനും മുതൽ തോക്ക് ഉപയോഗിക്കാൻ വരെ പഠിപ്പിക്കുന്ന വിഡിയോകളും നിരവധി വ്ലോഗർമാരുമുണ്ട്.
നൂറുകണക്കിനാളുകൾ പിന്തുടരുന്ന ചില വ്ലോഗർമാരും ഇത്തരം കളികളുടെ പ്രചാരകരാണ്. ഗെയിമുകൾ കളിച്ച് എങ്ങനെ പണക്കാരാവാം എന്ന് വിശദീകരിക്കുന്ന യൂട്യൂബ് വിഡിയോകൾ കണ്ടാൽ അടുത്ത ദിവസംതന്നെ കളി തുടങ്ങാം എന്ന് തോന്നിപ്പോകും. ജീവിതത്തിൽ ഇന്നേവരെ ഒരു കുത്ത് ശീട്ട് ൈകകൊണ്ട് തൊട്ടിട്ടില്ലാത്ത പലരും ഓൺലൈൻ ശീട്ടുകളിൽ കൈവെച്ച് പൊള്ളിയത് അങ്ങനെയാണ്.
ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത് കളിക്കണമെങ്കിലും പല കളികളുടെയും ആപ്ലിക്കേഷൻ ഗൂഗ്ൾ പ്ലേ സ്റ്റോറിൽ കിട്ടില്ല. പകരം എ.പി.കെ (apk -ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫയൽ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം ലഭിക്കുക. ഗൂഗ്ളിെൻറ െഡവലപ്പർ നയങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുടെ ഫലമായി ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽനിന്ന് നീക്കിയെന്നാണ് മൊബൈൽ ഗെയിം കമ്പനി പറയുന്നത്. പ്ലേസ്റ്റോറിൽ ഉള്ള ആപ് വരുമാനത്തിെൻറ 30 ശതമാനം ഗൂഗ്ളിന് നൽകണം. 70 ശതമാനം ആപ് െഡവലപ്പർമാർക്കാണ്. ആപ്പിളിെൻറ ആപ് സ്റ്റോറിലും സമാനമാണ്. വരുമാനം കുറയുന്നതിനാലാണ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ലിങ്ക് നൽകി ഇൻസ്റ്റാൾ ചെയ്യിക്കുന്നത്.
പ്ലേ സ്റ്റോറിൽ ഒരു ആപ്പിന് അംഗീകാരം ലഭിക്കണമെങ്കിൽ വ്യക്തമായ സുരക്ഷ, സ്വകാര്യത മാനദണ്ഡങ്ങൾ പാലിക്കണം. അത് പാലിക്കാൻ ഇത്തരം ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് താൽപര്യമുണ്ടാവില്ല. എ.പി.കെ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ 'അൺനോൺ സോഴ്സസ്' എന്ന സംവിധാനം ഓണാക്കണം. അത് ഒാണാക്കിയാൽ സുരക്ഷിതമല്ലാത്ത ഏത് ആപ്പും ഇൻസ്റ്റാൾ ചെയ്യാം. പക്ഷേ, ഫോണിലെ വിവരങ്ങൾ ചോർത്താനും ഹാക്ക് ചെയ്യാനും അവസരമൊരുക്കും. ആ ഫോൺ ഉപയോഗിച്ച് കളിക്കുേമ്പാൾ സ്ക്രീനിൽ തെളിയുന്ന കളി മുഴുവൻ തത്സമയം മറുതലക്കൽ കാണാൻപോലും അതുവഴി കമ്പനിക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.