കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്ട്ടിൻമേലുള്ള പൊതുചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സി.പി.ഐ മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം. ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അധിക പൊലീസ് സുരക്ഷയെന്നും ഇത് ജനങ്ങളില്‍നിന്ന് സര്‍ക്കാറിനെ അകറ്റാനേ ഉപകരിക്കൂ എന്നും വിമര്‍ശനമുയര്‍ന്നു. ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണവും പെരുമാറ്റവും. സി.പി.എം പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇത്തരം നടപടികളെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തെ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. കാനം രാജേന്ദ്രന്റെ നാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കല്‍ പണയം വെച്ചിരിക്കുകയാണോയെന്നായിരുന്നു കുന്നിക്കോട് നിന്നുള്ള പ്രതിനിധിയുടെ ചോദ്യം. കൃഷിമന്ത്രി പി. പ്രസാദിനെതിരെയാണ് കൂടുതല്‍ പ്രതിനിധികളും വിമര്‍ശനം ഉന്നയിച്ചത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടി മന്ത്രിമാരെയെങ്കിലും നിയന്ത്രിക്കുമായിരുന്നു. ഇപ്പോള്‍ അതുമില്ലെന്ന പരിഹാസം ഉയര്‍ന്നു. എന്നാല്‍ പ്രതാപികളായ നേതാക്കള്‍ ഉണ്ടായിരുന്ന കാലത്ത് നടക്കാതിരുന്ന സി.പി.ഐയുടെ രണ്ടാം രാജ്യസഭാ സീറ്റ് നേടിയെടുത്ത നിലവിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ചിലർ പറഞ്ഞു. സി.പി.എമ്മിനൊപ്പം കേരള കോണ്‍ഗ്രസ്(ബി)ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
വിലക്കയറ്റം നേരിടാൻ സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പിന് കഴിയുന്നില്ലെന്നും കൃഷി വകുപ്പ് പൂര്‍ണ പരാജയമാണെന്നുമാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ജില്ല അസി. സെക്രട്ടറി പി.എസ്. സുപാല്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പൊതുചര്‍ച്ചയില്‍ വെള്ളിയാഴ്ച 12 മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.