അനധികൃത സ്വത്ത്: ടോം ജോസിനെതിരെ നടപടിയെന്ന് ചീഫ് സെക്രട്ടറി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിനെതിരെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും എസ്.എം വിജയാനന്ദ് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

വെള്ളിയാഴ്ചയാണ് തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ടോം ജോസിന്‍െറ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വീട്ടിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും ഭാര്യവീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്.

മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസ് ആറ് വര്‍ഷത്തിനിടെയുണ്ടാക്കിയ സമ്പാദ്യത്തില്‍ പകുതിയിലേറെയും അനധികൃതമെന്നാണ് വിജിലന്‍സ് കണ്ടെത്തൽ. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് വരുമാനവും സമ്പാദ്യവും ഒത്തുപോകാത്ത കാര്യം വിശദീകരിക്കുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡിന് കോടതി അനുമതി നൽകിയത്.

ടോം ജോസിന്‍െറ 2010 ജനുവരി ഒന്നുമുതല്‍ 2016 സെപ്റ്റംബര്‍ 30വരെ വരവും ചെലവും സമ്പാദ്യവുമാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ കാലയളവില്‍ കണക്കനുസരിച്ച് 1,91,94,465 രൂപ വരവും 72,20,022 രൂപ ചെലവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇതേ കാലയളവില്‍ ഇദ്ദേഹം 2,39,42,992 രൂപയുടെ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തിയത്. ചെലവ് കഴിച്ചുള്ള കണക്കെടുത്താല്‍, ഈ കാലയളവിലെ സമ്പദ്യത്തിന്‍െറ 62.35 ശതമാനമായ 1,19, 68,549 രൂപ വരുമാനവുമായി ഒത്തുപോകുന്നില്ല. ഇത് അനധികൃത സ്വത്തായാണ് വിജിലന്‍സിന്‍െറ വിലയിരുത്തല്‍.

Tags:    
News Summary - chief secretary react tom jose hose vigilance raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.