തിരുവനന്തപുരം: സമരം കാരണം കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടാൻ പാടില്ലെന്നും സമര പ്രക്ഷോഭപരിപാടികളിൽ കുട്ടികളെ നിർബന്ധപൂർവമോ പ്രലോഭനങ്ങൾ നൽകിയോ പങ്കെടുപ്പിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവിട്ടു. ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളോ അവകാശലംഘനങ്ങളോ സംഭവിക്കുന്ന തരത്തിലുള്ള സമരപരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല.
മുതിർന്നവർ നടത്തുന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും കുട്ടികളെ പരിചകളായി പങ്കെടുപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലെന്നും കമീഷൻ അംഗങ്ങളായ കെ. നസീർ, ബി. ബബിത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ െബഞ്ച് വ്യക്തമാക്കി.
സമരപരിപാടി സംഘർഷമാകുമെന്ന് ബോധ്യംവന്നാൽ കുട്ടികളെ മാറ്റണം. അതിനാവശ്യമായ നിർദേശങ്ങൾ പൊലീസ് നൽകണം. സംഘർഷസാധ്യത മുൻകൂട്ടി വ്യക്തമായ സമരപരിപാടികളിലും സംഘർഷപ്രദേശങ്ങളിൽ നടക്കുന്ന സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത്. ദീർഘനേരം തുടരുന്നതോ അപകടസാധ്യത ഉള്ളതോ ആയ സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത്.
നിയമവിരുദ്ധ കൂട്ടായ്മകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കണം. ക്രിമിനൽ നടപടി പ്രകാരമോ കേരള പൊലീസ് ആക്ട് പ്രകാരമോ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സമരങ്ങളിലും കൂട്ടായ്മകളിലും കുട്ടികളെ പങ്കെടുപ്പിക്കരുത്. കുട്ടികളെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികൾക്കും അതിൽ പങ്കെടുക്കുന്ന കുട്ടികളുടെ ബാലവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പുറത്തിറക്കണമെന്നും കമീഷൻ ഉത്തരവിട്ടു.
കോഴിക്കോട് ഇരുകൈകളുമില്ലാത്ത ഏഴാം ക്ലാസ് വിദ്യാർഥിയുടെ തുടർപഠനം രണ്ടുവർഷമായി മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുകയായിരുന്നു കമീഷൻ. വീടിന് സമീപത്തുള്ള സ്കൂൾ അപ്േഗ്രഡ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് രക്ഷിതാവ് കുട്ടിയെ ഉപയോഗിച്ച് സമരം ചെയ്തതാണ് കേസിന് ആധാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.