നിലവിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് നിയമസാധുതയില്ളെന്ന് വിദഗ്ധര്‍

പാലക്കാട്: നിലവില്‍ ജില്ലതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് (സി.ഡബ്ള്യു.സി) നിയമസാധുതയില്ളെന്ന് നിയമവിദഗ്ധര്‍. 2000ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രൂപവത്കൃതമായതാണ് നിലവിലെ ശിശുക്ഷേമ സമിതികള്‍. 2015ല്‍ പുതിയ ജുവനൈല്‍ ജസ്റ്റിസ് നിയമം നിലവില്‍ വന്നതില്‍ പഴയ നിയമപ്രകാരം രൂപവത്കൃതമായ സി.ഡബ്ള്യു.സികളുടെ സാധുത സ്വമേധയ നഷ്ടമാവും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് നിയമപരിരക്ഷ ഉണ്ടാവില്ല.

2015ല്‍ പാര്‍ലമെന്‍റ് പഴയ നിയമം ഭേദഗതി ചെയ്യുകയല്ല ഉണ്ടായത്. പേരില്‍ മാറ്റമില്ളെങ്കിലും പുതിയ നിയമമാണിത്. 2016ല്‍ ഇതിന് മോഡല്‍ റൂളും നിലവില്‍വന്നു. എന്നാല്‍, സംസ്ഥാന റൂള്‍ നിലവില്‍വന്നിട്ടില്ല. 2000ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രണ്ട് ഘട്ടങ്ങളിലായി പുന$സംഘടിപ്പിക്കപ്പെട്ടതാണ് നിലവിലുള്ള സി.ബ്ള്യു.സികള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ഏഴ് ജില്ലകളില്‍ 2012ലും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 2013ലുമാണ് സമിതികള്‍ പുന$സംഘടിപ്പിച്ചത്.

ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണമാണ് സമിതികളുടെ ചുമതല. ലൈംഗിക ചൂഷണമടക്കം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയെടുക്കാനുള്ള അധികാരം സി.ഡബ്ള്യു.സികളില്‍ നിക്ഷിപ്തമാണ്. ഇരകള്‍ക്ക് അഭയമൊരുക്കാനും ആവശ്യമായ സഹായം നല്‍കാനും സമിതി മുന്‍കൈയെടുക്കണം. സംസ്ഥാന റൂള്‍ നിലവിലില്ലാത്തതാണ് പുന$സംഘടന വൈകാന്‍ കാരണമായി സാമൂഹിക നീതി വകുപ്പ് അധികൃതര്‍ പറയുന്നത്. ഏഴ് ജില്ലകളിലെ ശിശുക്ഷേമ സമിതികളുടെ കാലാവധി 2014ലും മറ്റുള്ളവയുടെ കാലാവധി 2015ലും അവസാനിച്ചതിനാല്‍ പഴയ കമ്മിറ്റികള്‍ക്ക് തുടരാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക ഉത്തരവ് ആവശ്യമാണെന്നും അതുണ്ടായിട്ടില്ളെന്നും മുന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനംഗം അഡ്വ. നസീര്‍ ചാലിയം പറഞ്ഞു. 2016ലെ പുതിയ മോഡല്‍ റൂള്‍ പ്രകാരം സി.ഡബ്ള്യു.സികളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. സമിതിയില്‍ ഒരു തവണ അംഗമായവര്‍ക്ക് അടുത്ത തവണ അംഗത്വത്തിന് അര്‍ഹതയുണ്ടാവില്ല. ചട്ടപ്രകാരം പരമാവധി രണ്ട് തവണ മാത്രമേ ഒരാള്‍ക്ക് സമിതി അംഗമാവാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - child welfare committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT