അർജന്റീന ഫുട്ബാൾ ടീമിനെ കൊണ്ടുവരാൻ 100 കോടി വേണ്ടിവരും, നവംബർ ആദ്യവാരം ടീം പ്രതിനിധികൾ കേരളത്തിലെത്തും -മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടി രൂപയിലധികം രൂപ വേണ്ടിവരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. നവംബർ ആദ്യവാരം ടീം പ്രതിനിധികൾ കേരളത്തിൽ എത്തി കൊച്ചിയിലെ ഗ്രൗണ്ട് പരിശോധിക്കുമെന്നും ഈ ഘട്ടത്തില്‍ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബാള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയത്. കേരളത്തിൽ അക്കാദമി തുടങ്ങാൻ അർജന്റീന ഫുട്ബാൾ ഫെഡറേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബാള്‍ ഫാന്‍സില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്, പ്രത്യേകിച്ച് അത് കേരളത്തിലാണ്. അതുകൂടി കണക്കിലെടുത്തിട്ടാകാം അവര്‍ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാല്‍, അവിടെ സീറ്റ് കുറവാണ്. ഇത്തരമൊരു കളി നടക്കുമ്പോള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. കൊച്ചിയില്‍ മാത്രമാണ് ഇത്തരത്തില്‍ കളി നടത്താന്‍ കേരളത്തില്‍ സാധിക്കുന്ന സ്ഥലം. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പ് ഡല്‍ഹിയിലെ കളിയില്‍നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബാള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണ്. കേരളം പോലൊരു സംസ്ഥാനത്ത് അതിന് നമുക്ക് ശ്രമിക്കാം, പ്രതീക്ഷയുണ്ട്’ -മന്ത്രി പറഞ്ഞു.

നേരത്തെ, അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍ (എ.എഫ്.എ) പ്രതിനിധികളുമായി മന്ത്രി സ്‌പെയ്‌നിലെ മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ അര്‍ജന്റീന ആരാധക വൃന്ദത്തെ എല്ലായ്പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി എ.എഫ്.എ അന്ന് പറഞ്ഞിരുന്നു. 

Tags:    
News Summary - 100 crores will be required to bring Argentina football team - Minister V Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.