തിരൂര്‍: ജീവനക്കാരുടെ അനാസ്ഥ കാരണം തിരൂര്‍ ജില്ല ആശുപത്രി ശൗചാലയത്തിന് സമീപം യുവതി പ്രസവിക്കുകയും കുഞ്ഞിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയുടെ കുടുംബം പരാതി നല്കി.
ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വി. അബ്ദുറഹിമാന്, തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക, തിരൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഉണ്യാല്‍ പുതിയ കടപ്പുറം സ്വദേശി ഈച്ചിന്റെപുരക്കല്‍ മുഹമ്മദ് ജംഷീറിന്റെ ഭാര്യ സഹീറയാണ് മതിയായ പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി ശൗചാലയത്തിന് സമീപം പ്രസവിച്ചത്. പ്രസവത്തിനിടെ പൊക്കിള്ക്കൊടിയറ്റ് തലയിടിച്ച് നിലത്തുവീണ നവജാതശിശുവിന്റെ തലയോട്ടിയുടെ ഉള്‍ഭാഗത്ത് പൊട്ടലും രക്തസ്രാവവും ഉണ്ടായി. ഇതേതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുഞ്ഞിനെയും മാതാവിനെയും റഫര്‍ ചെയ്യുകയായിരുന്നു. കുഞ്ഞിനും മാതാവിനുമുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കും മാനസികപ്രയാസത്തിനും ഇടയാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം തിങ്കളാഴ്ച പരാതി നല്‍കിയത്. സഹീറയും ഗുരുതര പരിക്കേറ്റ കുഞ്ഞും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ തിരൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.