തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിലെ പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ ഏലമലക്കാടുകൾ (സി.എച്ച്.ആർ) റവന്യൂ ഭൂമിയാണെന്ന സർക്കാർ വാദം വ്യാജമെന്നതിന് ഇതുസംബന്ധിച്ച നിയമസഭ രേഖകൾ തന്നെ തെളിവ്. സുപ്രീംകോടതിയിലെ കേസിൽ സർക്കാർ 2007ൽ നൽകിയ ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്ന അഫിഡവിറ്റിൽ ഉറച്ചുനിൽക്കുെന്നന്നാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞത്.
അതനുസരിച്ച് ഈ മേഖലയിലെ മരങ്ങളുടെ അവകാശം വനംവകുപ്പിനും ഭൂമി റവന്യൂ വകുപ്പിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് 1959 മുതൽ 1989 വരെ സർക്കാർ സ്വീകരിച്ചതെന്ന് നിയമസഭ രേഖകൾ തെളിയിക്കുന്നു. നിയമസഭയിൽ 1989 ജൂലൈ 28ന് മുൻമന്ത്രി പി.എസ്. ശ്രീനിവാസൻ നൽകിയ മറുപടി അനുസരിച്ച് ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കാർഡമം ഹിൽ റിസർവിൽ 2.14 ലക്ഷം ഏക്കർ (86772 ഹെക്ടർ) ഭൂമിയുണ്ട്.
ഇവിടുത്തെ ഭൂമി പാട്ടത്തിന് നൽകിയത് 1961 മുതലാണ്. 20 വർഷത്തെ പാട്ടത്തിനാണ് നൽകിയത്. അതാകട്ടെ 1961ലെ ഏലകൃഷിക്ക് സർക്കാർ ഭൂമി പാട്ടംനൽകൽ ചട്ടങ്ങൾ (റൂൾസ് ഫോർ ലീസ് ഓഫ് ഗവൺമെൻറ് ലാൻഡ് ഫോർ കാർഡമം കൾട്ടിവേഷൻ) പ്രകാരമാണ്. പാട്ടക്കാരൻ പാട്ടച്ചീട്ടിലെ വ്യവസ്ഥകളോ ചട്ടങ്ങളിലെ നിബന്ധനകളോ ലംഘിച്ചാൽ പാട്ടംറദ്ദാക്കാനും പാട്ടക്കാരനെ ഒഴിപ്പിക്കാനും ഭൂമി സർക്കാറിലേക്ക് വീണ്ടെടുക്കാനും കഴിയും.
ഇക്കാലത്ത് പാട്ടവ്യവസ്ഥകൾ ലംഘിച്ചതിന് 152 ഏക്കർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തതിന് രേഖകളുണ്ട്. പീരുമേട് ഉടുമ്പൻചോല ഏലം റിസർവ് വനങ്ങളിൽ നടക്കുന്ന കൈയേറ്റത്തെക്കുറിച്ച് 1959 മാർച്ച് 19ന് റോസമ്മ പുന്നൂസ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. വനത്തിൽ അനധികൃത കൈയേറ്റമുണ്ടായാൽ ഒഴിപ്പിക്കാൻ സർക്കാർ മടിക്കില്ലെന്നായിരുന്നു മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ മറുപടി. അക്കാലത്ത് ഏലം കൃഷിക്കായി 32000 ഏക്കർ ഭൂമി കൃഷിക്കാർക്ക് പാട്ടത്തിന് നൽകിയിരുന്നു. പിന്നീടാണ് ഏലമലക്കാടുകൾ കുത്തകപാട്ടത്തിനെടുത്തവർ ഭൂമി മറിച്ചുവിറ്റ് കോടികൾ സമ്പാദിച്ച സംഭവങ്ങളുണ്ടായത്.
സർക്കാറിൽനിന്ന് 99 വർഷത്തേക്ക് ഭൂമി പാട്ടത്തിന് വാങ്ങിയ വ്യക്തികളാണ് ഇത് ചെയ്തത്. ഇക്കാലത്ത് തമിഴ്നാട്ടുകാരായ നിരവധിപേർക്ക് ഉടുമ്പൻചോല താലൂക്കിൽ ഏക്കർ കണക്കിന് ഏലത്തോട്ടമുണ്ടായിരുന്നു. ഇവരിൽനിന്ന് ബലപ്രയോഗത്തിലൂടെ ഭൂമി കൈക്കലാക്കിയ സംഭവങ്ങളും നടന്നു. പ്രമുഖ രാഷട്രീയ പാർട്ടികളുടെ മൗനാനുവാദത്തോടെയാണ് ഇത് നടന്നത്. ഇൗ ലോബിയാണ് റവന്യൂ ഭൂമി പദവിക്കായി സർക്കാറിൽ സമ്മർദം ചെലുത്തുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.