മണ്ണഞ്ചേരി: കടയിൽ എത്തിച്ച സിമന്റ് ചാക്കുകൾ സ്വയം ഇറക്കിയതിന് വ്യാപാരിക്ക് സി.ഐ.ടി.യു കൺവീനർ വക ഭീഷണിയും അസഭ്യവർഷവും. സംഭവം വിവാദമായതോടെ സി.ഐ.ടി.യു ഏരിയ കമ്മിറ്റി അടിയന്തരമായി ചേർന്ന് കൺവീനറെ തൽസ്ഥാനത്തു നിന്നു നീക്കി. തമ്പകച്ചുവട് ജംഗ്ഷനിലെ ജെ.ആർ.എസ് ഹാർഡ് വെയർ ഉടമ രാജീവിന് നേരെയാണ് സി.ഐ.ടി.യു കൺവീനർ ഭീഷണിയും അസഭ്യവർഷവും നടത്തിയത്.
സംഭവം സംബന്ധിച്ച് രാജീവ് പറയുന്നത്: ‘കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് തന്റെ കടയിലേക്ക് 50 പാക്കറ്റ് സിമന്റ് വന്നത്. ഉടൻ സി.ഐ.ടി.യുവിന്റെ നേതാജി യൂണിറ്റ് കൺവീനർ ബിജുവിനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ 11 മണി കഴിഞ്ഞുവെന്നും മൂന്നരക്കു ശേഷം ശ്രമിക്കാമെന്നുമായിരുന്നു ലഭിച്ച മറുപടി. ഇതേ തുടർന്ന് താൻ സിമന്റ്ഇറക്കിവെച്ചു.
വിവരം ബിജുവിനെ അറിയിച്ചതിന് പിന്നാലെ ഭീഷണി തുടങ്ങി. കടയിൽ നിന്നും ഇനി ഒന്നും ഇറക്കാൻ അനുവദിക്കില്ലെന്നും പാർട്ടിയാണ് പറയുന്നതെന്നുമായിരുന്നു ഭീഷണി’. പാർട്ടി ഏരിയ സെക്രട്ടറി പി. രഘുനാഥിന്റെ നിർദേശത്തെ തുടർന്നാണ് ബിജുവിനെതിരെ നടപടി എടുക്കാൻ സി.ഐ.ടി.യു നേതൃത്വം തയാറായത്.ബിജുവിനെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നും പാർട്ടിക്കും യൂണിയനും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് സംഭവമെന്നും സി.ഐ.ടി.യു ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി. ഉല്ലാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.