നിയമ സഭയിൽ യു.ഡി.എഫ് സംഘപരിവാരിന്റെ കുറവ് നികത്തുന്നു; നുണകളുടെ ചീട്ടു കൊട്ടാരം തകർന്നടിയും- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിയമ സഭയിൽ അടിയന്തര പ്രമേയത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടു മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സഭയിൽ യു.ഡി.എഫ് സംഘപരിവാരിന്റെ കുറവ് നികത്തുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി യു.ഡി.എഫ് ഇസ്‍ലാമോഫോബിയയുടെ പ്രചാരകരായി മാറിയെന്നും വിമർശിച്ചു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടുവന്നതാണ് സ്വർണക്കടത്തു കേസ് എന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ നിരാകരിച്ച, കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഒന്നും കണ്ടെത്താൻ കഴിയാത്ത ഒന്ന് വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടു വന്നിരിക്കയാണ്. സ്വർണക്കടത്തു കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അടുത്തിടെ നടന്നത്. നയതന്ത്ര ബാഗേജ് വഴി 27 തവണ സ്വർണം കടത്തി എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് ആരുടെ വീഴ്ചയാണ്.

അന്വേഷണത്തിന്റെ തുടക്കത്തിൽ ഒരു ഫോൺ വിളി വിവാദം ഉയർന്നു. അന്വേഷണം പൂർത്തിയായിട്ടും ഇതിന് തെളിവുകിട്ടിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയമുനയിൽ നിർത്താനുള്ള യു.എഡി.എഫിന്റെയും ബി.ജെ.പിയുടെയും തിരക്കഥയാണ് ഇതിലൂടെ പൊളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നക്ക് പൂർണ പിന്തുണ നൽകുന്നത് സംഘപരിവാരാണ്. സംഘപരിവാരിന് കൂടി വേണ്ടിയാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്.

ഒരു തെളിവിന്റെയും പിൻബലമില്ലാതെയാണ് രഹസ്യമൊഴി നൽകിയത്. ഓരോ ദിവസവും മാറ്റിപ്പറയാൻ കഴിയുന്നതാണോ രഹസ്യമൊഴിയെന്നും മുഖ്യമന്ത്രി ചോദിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചീട്ടു​കൊട്ടാരം ഒരിക്കൽ തകർന്നു വീണതാണ്. അടുത്തതും തകരാനിരിക്കയാണ്. നേരത്തേ കൂപമണ്ഡൂകമായി പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചിരുന്നു. ഗുജറാത്ത് കേസിൽ കോൺഗ്രസ് പിന്തുണ നൽകിയിട്ടില്ല എന്നു പറഞ്ഞതിനായിരുന്നു അത്. ഗുജറാത്ത് വംശഹത്യയിൽ ബി.ജെ.പി സർക്കാരിനെതിരെ പോരാട്ടം നയിച്ച ആർ.ബി ശ്രീകുമാറിന്റെ പുസ്തകത്തിലാണ് സോണിയ ഗാന്ധി കേസിൽ പിന്തുണ നൽകിയിട്ടില്ലെന്ന് പറഞ്ഞിട്ടുള്ളത്. സാകിയക്കൊപ്പം സർക്യൂട്ട് ഹൗസിൽ പോയി താൻ സോണിയയെ കണ്ടു എന്ന അവരുടെ മകന്റെ പ്രസ്താവന ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് ഇതിൽ മറുപടി പറഞ്ഞത്.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ നീക്കമാണ് എന്നാണ് പുതിയ ആരോപണം. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോൾ അതിനെ പ്രകീർത്തിക്കുന്ന നിലപാടല്ല സി.പി.എമ്മിന്റെത്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ വൈരം തീർക്കാൻ ദുരുപയോഗിക്കപ്പെടുന്ന എന്ന നിലപാടിൽ സി.പി.എം ഉറച്ചു നിൽക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - CM replied allegations by opposition in sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.