തിരുവനന്തപുരം: റവന്യൂ വിഷയങ്ങളില്‍ കലക്ടര്‍മാര്‍ സര്‍ക്കാറുമായി നേരിട്ട് കത്തിടപാട് നടത്തേണ്ടതില്ലെന്ന് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിർദേശം. സര്‍ക്കാറിനെ അറിയിക്കേണ്ട കാര്യങ്ങള്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ വഴി അറിയിച്ചാല്‍ മതി. നടപടികള്‍ വേഗത്തിലാക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാര്‍, ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്കുന്ന നിർദേശങ്ങളുടെ പകര്‍പ്പ് കലക്ടര്‍മാര്‍ക്കും കൈമാറും. ലാന്‍ഡ് റവന്യൂ കമീഷണറേറ്റിലെ ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാര്‍ക്കാനും റവന്യൂ സെക്രട്ടറി നിർദേശിച്ചു.
കമീഷണറേറ്റില്‍ അഞ്ചുവര്‍ഷം സർവിസ് തികച്ച മുഴുവന്‍ ജീവനക്കാരെയും റവന്യൂ വകുപ്പിന് കീഴിലെ മറ്റ് ഓഫിസുകളിലേക്ക് പുനര്‍വിന്യസിക്കണം. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ് റവന്യൂ കമീഷണറോട് നിര്‍ദേശിച്ചു. കമീഷണറേറ്റില്‍ സ്ഥിരമായി ജോലി ചെയ്യുന്ന ചിലര്‍ അഞ്ചു വര്‍ഷം തികയാറാവുമ്പോള്‍ ഒരു മാസത്തേക്ക് മറ്റേതെങ്കിലും ഓഫിസിലേക്ക് മാറുകയും വീണ്ടും കമീഷണറേറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നുണ്ട്. വില്ലേജ് ഓഫിസില്‍ മൂന്നുവര്‍ഷവും താലൂക്ക് ഓഫിസില്‍ രണ്ടുവര്‍ഷവും പ്രവര്‍ത്തിച്ച് റവന്യൂ കാര്യങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ കമീഷണറേറ്റിലെ ജൂനിയര്‍, സീനിയര്‍ തസ്തികകളില്‍ നിയമിക്കണം.
ഉദ്യോഗസ്ഥ നിയമനം ലാന്‍ഡ് റവന്യൂ കമീഷണറും ജോയന്റ് കമീഷണറും പരിശോധിച്ച് മാത്രം നടത്തിയാല്‍ മതി. മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവരെ കമീഷണറേറ്റില്‍ നിയമിക്കരുത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ.ടി സെല്ലിലെ യോഗ്യതയില്ലാത്ത മുഴുവന്‍ ജീവനക്കാരെയും ഒഴിവാക്കണം. കമീഷണറേറ്റിലെ ഓരോ സെക്ഷനിലെയും ജോലിയുടെ സ്വഭാവം പഠിക്കണം. പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ വിന്യാസം അടക്കമുള്ള ഓഫിസ് സംവിധാനം പരിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.