അഫിലിയേഷന്‍ ഇല്ലാത്ത കോഴ്സിന്‍െറ ഉദ്ഘാടനത്തില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു; ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം: സര്‍വകലാശാല അഫിലിയേഷന്‍ നല്‍കാത്ത കോഴ്സിന്‍െറ ഉദ്ഘാടനത്തിന് മന്ത്രിമാര്‍ എത്തിയില്ല. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് (സി.ഇ.ടി) പുതുതായി തുടങ്ങിയ രണ്ട് എം. ടെക് കോഴ്സിന്‍െറ ഉദ്ഘാടനം മാറ്റിവെച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം നടക്കേണ്ട ചടങ്ങിന് എത്താതിരുന്നത്. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അഫിലിയേഷന്‍ ഇല്ലാതെയാണ് രണ്ട് കോഴ്സും തുടങ്ങിയത്. ഇതുകാരണം ഡിസംബറില്‍ നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രണ്ട് കോഴ്സിലെയും വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷനും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനവകുപ്പിനുകീഴില്‍ തുടങ്ങിയ മാനുഫാക്ചറിങ് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്സിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങള്‍ക്ക് കീഴില്‍ സംയുക്തമായി തുടങ്ങിയ റോബോട്ടിക് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്സിനുമാണ് ഇതുവരെ സര്‍വകലാശാലയുടെ അഫിലിയേഷന്‍ ലഭിക്കാത്തത്. ഇവ രണ്ടും എം.ടെക് കോഴ്സാണ്. സര്‍വകലാശാലയുടെ അഫിലിയേഷന്‍ ലഭിക്കാത്ത പ്രശ്നം കോളജ് അധികൃതരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും മന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നില്ല.

സമയബന്ധിതമായി കോഴ്സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതാണ് സാങ്കേതിക സര്‍വകലാശാലയുടെ അഫിലിയേഷന് തടസ്സമായത്. സുപ്രീംകോടതിവിധി പ്രകാരം കോഴ്സുകള്‍ക്കുള്ള അംഗീകാരം സര്‍ക്കാറും സര്‍വകലാശാലയും മേയ് 15നകം നല്‍കണം. അംഗീകാര നടപടിയില്‍ അപ്പീല്‍ ഉണ്ടെങ്കില്‍ മേയ് 30നകം തീര്‍പ്പാക്കി ഉത്തരവ് നല്‍കണം. ഇതിനുശേഷം അംഗീകാരം നല്‍കാന്‍ പാടില്ല. സി.ഇ.ടിയിലെ പുതിയ കോഴ്സുകള്‍ക്ക് ഏപ്രിലില്‍തന്നെ എ.ഐ.സി.ടി.ഇ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ അംഗീകാരം വൈകുകയായിരുന്നു. ജൂണ്‍ 21നും 25നുമാണ് കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേസമയം നിയമസഭയില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ ധനാഭ്യര്‍ഥന ചര്‍ച്ചയുമായി ബന്ധപ്പെട്ട തിരക്കായതിനാലാണ് ചടങ്ങില്‍ എത്താതിരുന്നതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

Tags:    
News Summary - College of Engineering Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.