കായംകുളം: മകൻ കഞ്ചാവ് കേസിൽ പ്രതിയായ സംഭവം വാർത്തയാക്കിയ മാധ്യമപ്രവർത്തകനെതിരെ വർഗീയ പരാമർശം നടത്തിയ യു. പ്രതിഭ എം.എൽ.എയുടെ നടപടി വിവാദമാകുന്നു. മീഡിയവൺ റിപ്പോർട്ടർ യു. ഷൈജുവിനെയാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്. പരാമർശം പിൻവലിച്ച് എം.എൽ.എ മാപ്പുപറയണമെന്ന ആവശ്യം ശക്തമാകുകയാണ്.
സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്കുനേരെ വർഗീയപരാമർശം നടത്തിയ സി.പി.എം ജനപ്രതിനിധിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു. ജനപ്രതിനിധിയുടെ അന്തസ്സിന് നിരക്കാത്ത നടപടിയാണിതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുല്ലാബ്ദീൻ പറഞ്ഞു.
എം.എൽ.എയുടെ വർഗീയ പരാമർശത്തിൽ മുസ്ലിം ഐക്യവേദി വർക്കിങ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മറ്റ് റിപ്പോർട്ടർമാരിൽ കാണാത്ത മതപശ്ചാത്തലം ചിലരിൽ കാണുന്നത് ഇടതുപക്ഷ സംസ്കാരത്തിന് യോജിച്ചതല്ലെന്നും വിഷയത്തിൽ തിരുത്തൽ വേണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഷാജി കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സിയാദ് മണ്ണാമുറി, എ.എ. വാഹിദ്, മൻസൂർ ചിറക്കുളങ്ങര, കെ.എ. വാഹിദ് മാസ്റ്റർ, വൈ. സവാദ്, പി.എ. ഖാദർ, സജു മറിയം, അൻസാദ് അമ്പഴയിൽ, നവാസ് ആലയിൽ, അനസ്പുതുവന, കെ. താഹ, ഷഫീഖ്, വൈ.എസ്.ആർ. ഷാഹുൽ ഹമീദ്, മുഹമ്മദ് അസ്ലം കുറ്റിത്തെരുവ്, ഇസ്മാഈൽ മുസ്ലിയാർ, നെജീം തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടിയതുമായി ബന്ധപ്പെട്ട വാർത്ത നൽകിയ മാധ്യമങ്ങളെ പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിൽ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റിയും ആലപ്പുഴ പ്രസ് ക്ലബും പ്രതിഷേധിച്ചു.
ജാതീയ അധിക്ഷേപം ഉൾപ്പെടെയുള്ള അപകീർത്തികരമായ വാക്കുകൾ ഒരു ജനപ്രതിനിധിയിൽനിന്നുണ്ടാകുന്നത് ഒരിക്കലും നീതീകരിക്കാനാവുകയില്ല. ആലപ്പുഴയിലെ മാധ്യമങ്ങളോട് ഒരുതരത്തിലും സഹകരിക്കാത്ത ആളാണ് പ്രതിഭ. ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടാൽപോലും ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ല. മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിക്കുകയാണ് എം.എൽ.എ ചെയ്തത്. സി.പി.എം നേതൃത്വം ഇവരെ തിരുത്തണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി നൽകും. വ്യക്തിയധിക്ഷേപം നേരിട്ട മാധ്യമപ്രവർത്തകർ നൽകുന്ന പരാതികൾക്കും നിയമപോരാട്ടങ്ങൾക്കും പിന്തുണ നൽകാനും കെ.യു.ഡബ്ല്യു.ജെ ജില്ല എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.