പാലക്കാട്: താൻ പാണക്കാട് പോയതിനെ വർഗീയമായി ചിത്രീകരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘ന്യൂ ഇയർ ആയിട്ടും താങ്കൾക്ക് ഒരു പുരോഗമനവും ഇല്ലല്ലോ, സന്ദീപ് വാര്യർ പാണക്കാട് പോയിട്ടുണ്ട്. ഇനിയും പോകും. ഇങ്ങക്കെന്തിന്റെ കേടാ?’ എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു. ‘സി.ജെ.പി കാര്യവാഹ് വിജയരാഘവൻ ജി’ എന്നാണ് വിജയരാഘവനെ സന്ദീപ് വാര്യർ കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.
സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് വിജയരാഘവൻ സന്ദീപിനും കോൺഗ്രസിനുമെതിരെ രംഗത്തുവന്നത്. ‘ഒരു സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. വാഴക്കുല ജന്മിയുടെ വീട്ടിൽ കൊണ്ടുപോകുന്നത് പോലെയാ ഈ സന്ദീപ് വാര്യരെയും കൊണ്ട് പോകുന്നത്. എവിടേക്കാ കൊണ്ടുപോയത്? ഞാൻ പറയണോ കൊണ്ടുപോയ സ്ഥലം? കോൺഗ്രസ് ഇപ്പോൾ പൂർണമായും കീഴ്പെട്ടു. അത് ഉപയോഗിച്ച് നിങ്ങൾ ഞങ്ങളെ തകർക്കാൻ വരരുത്. നിങ്ങൾ എന്തെങ്കിലും ചെയ്തോ... ആ ചെലവിൽ നിങ്ങൾ ഒളിപ്പിച്ച് കടത്തുന്ന വർഗീയ ശ്രമിങ്ങളെ ഞങ്ങൾ തുറന്നുകാട്ടുക തന്നെ ചെയ്യും. അത് തൊഴിലാളി വർഗ പാർട്ടിയുടെ ചുമതലയാണ്’ -എന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം.
നേരത്തെ വയനാട് ജില്ലാ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് ജയിച്ചത് മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെയെന്നായിരുന്നു വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ മോശപ്പെട്ട ഘടകങ്ങളും തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും ഉണ്ടായിരുന്നുവെന്നും എന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ വർഗീയ പരാമർശങ്ങൾ.
ഇതേറ്റുപിടിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും വിദ്വേഷ പ്രാസംഗികനുമായ നിതേഷ് റാണെ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നുമായിരുന്നു റാണെയുടെ ആരോപണം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും പുണെയിൽ നടന്ന പൊതുയോഗത്തിൽ റാണെ പറഞ്ഞു. ‘കേരളം ഒരു മിനി പാകിസ്താനാണ്. അതിനാലാണ് രാഹുൽ ഗാന്ധിയും സഹോദരിയും അവിടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പാർലമെൻറ് അംഗങ്ങളാകാൻ തീവ്രവാദികൾ അവർക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.