കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ സ്ഥാനാർഥി പട്ടികയിൽ മുസ്ലിം പ്രാതിനിധ്യമെങ്ങനെയാകുമെന്ന ചോദ്യത്തിന് കോൺഗ്രസിന്റെ ഉത്തരംകൂടിയാണ് ഷാഫി പറമ്പിൽ. തൃശൂരിലെ പരുങ്ങിയ അവസ്ഥയിൽനിന്ന് പാർട്ടിയെ കരകയറ്റാൻ കെ. മുരളീധരനെ നിയോഗിച്ചപ്പോൾ വടകരയിലെ വിടവ് നികത്താൻ കരുത്തുറ്റ സ്ഥാനാർഥിയെ കണ്ടെത്തുകയെന്നത് നേതൃത്വത്തിന് എളുപ്പമായിരുന്നില്ല.
തൃശൂർ നിലനിർത്തുകയും വേണം, വടകര കൈവിട്ടുപോകാനും പാടില്ല. കെ.കെ. ശൈലജ എം.എൽ.എ ശക്തയായ പ്രതിയോഗിയായതിനാൽ അവരെ നേരിടാൻ യുവരക്തം തന്നെയാകട്ടെ എന്നതിനൊപ്പം, സാമുദായിക പ്രാതിനിധ്യം ഉറപ്പിക്കാനുമായി.
മുസ്ലിം സ്ഥാനാർഥിക്ക് വിജയസാധ്യത കുറഞ്ഞ കണ്ണൂരിലും ആലപ്പുഴയിലും മത്സരിപ്പിച്ചാൽ സമുദായത്തിന്റെ അനുഭാവം പിടിച്ചുപറ്റാനാകില്ലെന്നും നേതൃത്വം വിലയിരുത്തി. എവിടെയെങ്കിലും ഏതെങ്കിലും സ്ഥാനാർഥിയെ പേരിന് നിർത്തരുതെന്ന സന്ദേശം നേരത്തെ ചില സമുദായ സംഘടനകൾ കോൺഗ്രസ് നേതൃത്വത്തിന് നൽകിയിരുന്നു.
ഷാഫി പറമ്പിൽ എത്തുന്നതോടെ മണ്ഡലത്തിൽ ന്യൂനപക്ഷ സ്വാധീനമുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ സമുദായ വോട്ടുകൾ ആകർഷിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കോഴിക്കോട് ഉൾപ്പെടെയുള്ള മലബാറിലെ മണ്ഡലങ്ങളിൽ ഇത് പ്രതിഫലിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
കോഴിക്കോട് മണ്ഡലത്തിൽ തന്റെ പ്രതിയോഗി എളമരം കരീമായതിനാൽ സമുദായ വോട്ടുകളുടെ കാര്യത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനുണ്ടായ ആശങ്ക പരിഹരിക്കാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. എന്നാൽ, സാമുദായിക മുഖത്തിനപ്പുറമുള്ള ബന്ധങ്ങളാണ് പാലക്കാട്ട് ഷാഫിയുടെ അനുകൂല ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.