കോഴിക്കോട്: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തപ്പോൾ സാമുദായിക സമവാക്യം കാറ്റിൽപറത്തിയതായി ആക്ഷേപം. മുഴുവൻ നിയമസഭ മണ്ഡലങ്ങളിലെയും 280 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോൾ അഞ്ച് ജില്ലകളിൽ മുസ്ലിംകൾ ഒരാൾപോലുമില്ല. മറ്റു ജില്ലകളിലാവട്ടെ നാമമാത്രവും. ജാതി, മത, സാമുദായിക, ഗ്രൂപ് പരിഗണനകളോടെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നതെന്ന് നേതൃത്വം വിശദീകരിക്കുമ്പോഴാണിത്.
കാസർകോട്, വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഒരു ഭാരവാഹിപോലും മുസ്ലിം സമുദായത്തിൽനിന്ന് ഇല്ലാത്തത്. കാസർകോട് ജനസംഖ്യയിൽ 37 ശതമാനവും വയനാട്ടിൽ 32 ശതമാനവും മുസ്ലിം സമുദായമായിട്ടും ഭാരവാഹികളുണ്ടാകാതിരുന്നതിന് വ്യക്തമായ വിശദീകരണമുണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനംകൂടിയാണ് വയനാട്.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ക്രൈസ്തവ സമുദായത്തിൽപെട്ടയാൾ ഡി.സി.സി പ്രസിഡന്റാണെന്നിരിക്കെയാണ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സമുദായം അവഗണിക്കപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ ഫേസ്ബുക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
സുന്നി കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂരും കോൺഗ്രസിന്റെ സമുദായ അവഗണനക്കെതിരെ രംഗത്തുവന്നു. മുസ്ലിം സൗഹൃദനിലപാട് കേരളത്തിലെ കോൺഗ്രസ് കൈയൊഴിയുകയാണോ എന്ന് മുഹമ്മദലി ചോദിച്ചു.
സാമുദായിക പരിഗണനകൾ കോൺഗ്രസിൽ പുതിയ സംഗതിയല്ല. അത്തരം പരിഗണനകൾ പൂർണമായി അവസാനിപ്പിച്ചു എന്നാണെങ്കിൽ, ഇപ്പോൾ പുറത്തുവന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ആ വാദം ശരിവെക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.