തിരുവനന്തപുരം: ഇന്ധന നികുതി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയാണ് ജില്ല ആസ്ഥാനങ്ങളിലാണ് സമരം നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്ന് പാളയം-വെള്ളയമ്പലം വഴി രാജ്ഭവന് വരെയാണ് സമരം നടന്നത്.
വില കുറക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ അതൊന്നും കാണാതെ ഖജനാവ് നിറക്കുകയാണെന്ന് ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് കെ. സുധാകരൻ പറഞ്ഞു. അന്താരാഷ്ട്ര വിപണയിൽ ഇന്ധനവില കുറയുമ്പോൾ ഇവിടേയും കുറയുകയാണ് വേണ്ടത്. എന്നാൽ, രാജ്യത്ത് വില കൂടുകയാണ്. ഇന്ധനവില കുറക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാറിന് മനുഷ്യത്വമുള്ളതിനാലാണ് ഇന്ധനവില കുറച്ച് മാതൃക കാണിച്ചത്. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന കെ റെയിലിന് 1.20 ലക്ഷം കോടിയാണ് ചെലവ്. ജലപാതയും പണിയാൻ പോകുകയാണ്. ജനങ്ങൾക്ക് ജലപാതയും കെ റെയിലും വേണ്ട. ഇന്ധനവില കുറച്ച് സാധനങ്ങളുടെ വില കുറയാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യേണ്ടത്.
ധൂർത്ത് കാരണം സംസ്ഥാന സർക്കാറിന്‍റെ കടബാധ്യത വർധിക്കുകയാണ്. മറുഭാഗത്ത് പാവപ്പെട്ടവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സർക്കാർ ഉണ്ടാക്കുന്നു. ജനങ്ങളിൽ നിന്ന് 18,000 കോടി രൂപയാണ് ഇന്ധന നികുതിയായി പിഴിഞ്ഞെടുത്തത്. ഇന്ധനവില കുറക്കുന്ന കാര്യത്തിൽ സർക്കാർ നിഷേധ നിലപാടാണ് തുടരുന്നതെങ്കിൽ സമരത്തിന്‍റെ സ്വഭാവം മാറുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
നികുതി കുറക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മണിക്കൂറുകളോളം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് കടക്കുമെന്ന് കോഴിക്കോട്ട് ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറക്കാത്തത് എന്തു കൊണ്ടാണെന്നാണ് കേരള സര്‍ക്കാര്‍ ചോദിക്കുന്നത്.
പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വില കുറച്ചു. മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകളും നികുതി കുറക്കാനിരിക്കുകയാണ്. ഈ കാര്യമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമോ എന്ന് കെ. മുരളീധരന്‍ ചോദിച്ചു. സമരം ചെയ്യുന്നവരെ തകര്‍ക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം, പാലക്കാട്ടും കൊല്ലത്തും നടന്ന ചക്രസ്തംഭന സമരം നേരീയ സംഘര്‍ഷത്തിന് വഴിവെച്ചു. പാലക്കാട്ട്് പൊലീസ് വലയം ഭേദിച്ച് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാര്‍ച്ച് നടത്തി.
കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാഹന യാത്രക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. സമരം നടക്കുന്ന വഴിയിലൂടെ ഇരുചക്രവാഹന യാത്രക്കാര്‍ കടന്നു പോകാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.