കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കോഴിക്കോട് മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍റ്മെന്‍റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്‍റെ മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്നും മന്ത്രി പറഞ്ഞു.
കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യം പോയ സ്വകാര്യ ക്ലിനിക്കിൽ ഒമ്പത് പേരുമായി സമ്പര്‍ക്കമുണ്ട്. അതിന് ശേഷം പോയ സ്വകാര്യ ആശുപത്രിയില്‍ ഏഴോളം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ പരിശോധനക്ക് സംവിധാനം ഒരുക്കും. നാളെ വൈകുന്നേരത്തിനുള്ളില്‍ ഇതിനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.സി.എം.ആറിനോട് പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് മരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം. എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളിലൂടെ നിപ വാർത്തകൾ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.