തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഗ്രേഡിങ് രീതിയിൽ മാറ്റം വരുന്നു. പരീക്ഷകളിൽ നിരന്തര മൂല്യനിർണയത്തിനായി എസ്.സി.ഇ.ആർ.ടി സമർപ്പിച്ച മാർഗരേഖയിലാണ് ഇതിനുള്ള നിർദേശം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നിലവിൽ 75 മുതൽ 100 ശതമാനം മാർക്ക് വരെ നേടുന്നവരെ ഏറ്റവും മികവുള്ളവരെന്ന് രേഖപ്പെടുത്തുന്ന ഔട്ട്സ്റ്റാൻഡിങ് (എ ഗ്രേഡ്) വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. പുതിയ രീതി പ്രകാരം 80 ശതമാനം മുതൽ 100 ശതമാനം മാർക്ക് വരെയുള്ളവരെയാണ് ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തിൽ പരിഗണിക്കുക. നിലവിൽ 60 മുതൽ 74 വരെ ശതമാനം മാർക്കുള്ളവരെ വെരി ഗുഡ് (ബി) ഗ്രേഡിലാണ് പരിഗണിക്കുന്നത്. പുതിയ രീതിയിൽ 60 മുതൽ 79 ശതമാനം വരെ മാർക്കുള്ളവരായിരിക്കും ‘ബി’ ഗ്രേഡിൽ ഉൾപ്പെടുക. 45 മുതൽ 59 ശതമാനം വരെയുള്ളവർ നിലവിൽ ഗുഡ് (സി ഗ്രേഡ്) വിഭാഗത്തിലുള്ളത് ഇനി മുതൽ 40 മുതൽ 59 ശതമാനം വരെ സി ഗ്രേഡിൽ ഉൾപ്പെടുത്താനാണ് നിർദേശം. 33 മുതൽ 44 ശതമാനം വരെ മാർക്കുള്ളവരെയാണ് നിലവിൽ ഡി ഗ്രേഡിൽ (സാറ്റിസ്ഫാക്ടറി) പരിഗണിക്കുന്നത്. ഇത് 30 മുതൽ 39 വരെ ശതമാനം മാർക്കുള്ളവരെയാക്കാനാണ് നിർദേശം. പൂജ്യം 32 ശതമാനം വരെ മാർക്കുള്ളവരാണ് നിലവിൽ ഇ ഗ്രേഡിലെങ്കിൽ (നീഡ് ഇംപ്രൂവ്മെന്റ്) പൂജ്യം മുതൽ 29 ശതമാനം വരെ മാർക്കുള്ളവരെയാണ് പുതിയതിൽ ഇ ഗ്രേഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആത്യന്തിക വിലയിരുത്തലിനായി അധ്യയന വർഷത്തിൽ പാദ, അർധ, വാർഷിക പരീക്ഷകളാണ് മാർഗരേഖയിലും നിർദേശിച്ചിരിക്കുന്നത്. ഈ വർഷം മുതൽ എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം സ്കോർ (40 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 12ഉം 20 സ്കോറിന്റെ പരീക്ഷയിൽ ആറും മാർക്ക്) ലഭിക്കാത്ത കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു. പഠന പിന്തുണ ഉറപ്പാക്കിയശേഷം വീണ്ടും പരീക്ഷ നടത്തി പ്രകടനം വിലയിരുത്തിയശേഷം ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്നും രേഖയിൽ പറയുന്നു.
ചോദ്യപേപ്പർ മാതൃകക്കും രൂപമായി
ആത്യന്തിക വിലയിരുത്തലിന്റെ ചോദ്യപേപ്പർ കൃത്യമായ ബ്ലൂപ്രിന്റ് അടിസ്ഥാനമാക്കി തയാറാക്കണമെന്ന് രേഖ നിർദേശിക്കുന്നു. വ്യക്തതയോടെയുള്ള ആശയ സ്വാംശീകരണം, പ്രയോഗശേഷി, ഗണനചിന്ത, വിശകലനാത്മക ചിന്ത, വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത, മൂല്യമനോഭാവങ്ങൾ എന്നിവ ആത്യന്തിക വിലയിരുത്തലിൽ ഘടകങ്ങളാകണം. 30 ശതമാനം ചോദ്യങ്ങൾ ലളിതവും 50 ശതമാനം ശരാശരി നിലവാരത്തിലും 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതുമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.