വിവാദ നിയമനങ്ങള്‍ പാര്‍ട്ടി പരിശോധിക്കും- കോടിയേരി

ദുബൈ: പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പശ്ചാത്തലത്തിലാണ് വിവാദ നിയമനം നടത്തിയെന്നതും ആരാണ് ഉത്തരവാദിയെന്നും 14ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. തെറ്റ് തിരുത്താനുള്ള ആദ്യ സര്‍ക്കാര്‍ നടപടിയെന്ന നിലയില്‍ നിയമനങ്ങളിലൊന്ന് റദ്ദാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആക്ഷേപം ഉന്നയിച്ചില്ളെങ്കില്‍ പോലും ചില കാര്യങ്ങള്‍ പാര്‍ട്ടി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിലുള്ള പരിശോധന ഈ വിഷയത്തിലും നടത്തും. എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് സംബന്ധിച്ച് ഓരോ മന്ത്രിമാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. അതില്‍ നിന്ന് വ്യതിചലനമുണ്ടായാല്‍ നടപടികള്‍ സ്വീകരിക്കും. ബന്ധു നിയമനത്തില്‍ അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. ഈ സംവിധാനങ്ങളെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍മാരെ നിയമിക്കുന്നതില്‍ മാത്രമേ പാര്‍ട്ടിയും സര്‍ക്കാറും നേരിട്ട് ഇടപെടാറുള്ളൂ. മറ്റ് നിയമനങ്ങള്‍ നടത്തുന്നത് അതാത് വകുപ്പുകളാണ്. മന്ത്രി ബന്ധുവിനെ അനര്‍ഹമായ സ്ഥാനത്ത് നിയമിക്കുന്നതിലേ പ്രശ്നമുള്ളൂ. പാര്‍ട്ടി അനുഭാവിയാണെന്നതിന്‍െറ പേരില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പിക്കാന്‍ പാടില്ളെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷം മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ. ഏതെങ്കിലും ഒരു മതത്തിന്‍െറ കോഡ് അടിച്ചേല്‍പിക്കുന്നത് വിപരീത ഫലമേ ചെയ്യൂ. സ്വാശ്രയ കോളജുകള്‍ക്ക് തലവരിപ്പണം വാങ്ങാന്‍ അവകാശമില്ല. പണം വാങ്ങിയതായുള്ള പരാതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. വിജിലന്‍സ് അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാല്‍ പോലും പിന്നീട് വിജിലന്‍സ് അന്വേഷണം വേണ്ടിവരും. പണം വാങ്ങിയ പരാതികളില്‍ ജെയിംസ് കമീഷനും അന്വേഷണം നടത്തണം. സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍ ഒരു സ്വകാര്യ കോളജുകളെയും അനുവദിക്കരുത്. വിദ്യാഭ്യാസ രംഗത്ത് സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിക്കാനുള്ള അവരുടെ നീക്കത്തെ ശക്തമായി നേരിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Tags:    
News Summary - controversial postings should check- kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.