തിരുവനന്തപുരം: സി.പി.എം വനിത നേതാക്കൾക്കെതിരായ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ പ്രസ്താവന ദിവസങ്ങൾക്കുശേഷം കേസും വിവാദവുമായി. ആദ്യം വിഷയത്തിൽ പരസ്യപ്രതികരണം നടത്താനോ നിയമനടപടി സ്വീകരിക്കാനോ തയാറാകാതിരുന്ന സി.പി.എമ്മും പോഷക സംഘടനകളും ഒടുവിൽ രംഗത്തെത്തി. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെയും പ്രതികരണത്തിന് പിന്നാലെയാണിത്.
ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
‘സ്ത്രീശാക്തീകരണത്തിെൻറ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു പരാമർശം. ഒപ്പം പാർട്ടിയിലെ വനിത നേതാവിനെയും പരോക്ഷമായി സുരേന്ദ്രൻ പരിഹസിച്ചു.
പരാമർശത്തിനെതിരെ കെ. സുധാകരൻ ആദ്യം രംഗത്തെത്തിയത് സി.പി.എമ്മിനെ വെട്ടിലാക്കി. തുടർന്ന് വി.ഡി. സതീശനും പ്രതികരിച്ചു. സി.പി.എം പരാതി നൽകിയില്ലെങ്കിൽ തങ്ങൾ പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനുപിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നൽകി. ഇതോടെ ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിള അസോസിയേഷനും രംഗത്തെത്തി. ഇരുകൂട്ടരും മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നൽകി. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് സി.എസ്. സുജാത നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. അതിനിടെ കെ. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ സി.പി.എം പ്രവര്‍ത്തകൻ അന്‍വര്‍ഷാ പാലോടും പരാതി നല്‍കി.
സുരേന്ദ്രന്‍റെ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. ബി.ജെ.പിയിലെ സ്ത്രീകളുള്‍പ്പെടെ ഇതിൽ പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, സി.പി.എമ്മിലെ വനിത നേതാക്കളെക്കുറിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവന ബോഡി ഷെയിമിങ് രാജ്യമാകെ ചർച്ച ചെയ്യുന്ന കാലത്ത് ബന്ധപ്പെട്ട പാർട്ടി തന്നെ പരിശോധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോരുത്തരുടെയും സംസ്കാരവും നിലവാരവുമാണ് അവരുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.