പുത്തൂര്‍ (തൃശൂർ): കുന്നൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറൻറ് ഓഫിസര്‍ പ്രദീപിെൻറ സംസ്കാരം വൈകിയേക്കും. ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഭൗതികശരീരം വിട്ടുനൽകുന്നതിനനുസരിച്ചാവും സംസ്കാരം സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് കോയമ്പത്തൂര്‍ സുലൂരിലും ശനിയാഴ്ച റോഡ് മാർഗം പൊന്നൂക്കരയിലെ വസതിയിലും എത്തിച്ച് പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. സ്കൂളിൽ പൊതുദര്‍ശനത്തിന് വെച്ചശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് സൈനിക ആസ്ഥാനത്ത് നിന്ന് ലഭിച്ച അറിയിപ്പനുസരിച്ച് ശനിയാഴ്ച എപ്പോള്‍ മൃതദേഹം കോയമ്പത്തൂരിലെത്തും എന്ന് വ്യക്തമായിട്ടില്ല.
കോയമ്പത്തൂരില്‍ എത്തി അവിടത്തെ ചടങ്ങുകള്‍ക്ക് ശേഷം ശനിയാഴ്ച റോഡ് മാര്‍ഗം വീട്ടിലെത്തിക്കാന്‍ വൈകിയാല്‍ ചടങ്ങുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റേണ്ടിവരും. വെള്ളിയാഴ്ചയും നിരവധി പേർ പ്രദീപിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ടി.എന്‍. പ്രതാപന് എം.പി, മുന്‍ എം.എല്‍.എ എം.പി. വിന്‍സെൻറ് തുടങ്ങിയവര്‍ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. അധികൃതർ പ്രദീപിെൻറ വീട് സന്ദര്‍ശിച്ച് സൈന്യത്തിെൻറ സഹായത്തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.