തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ പ്രസുകളിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളിൽ അഴിമതി നടന്നതായി സംസ്ഥാന വിവരാവകാശ കമീഷൻ. സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളിൽ ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടൽ ബോധ്യപ്പെട്ടതിനാൽ അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകണമെന്ന് അപ്പീൽ നൽകിയ പരാതിക്കാരനോട് വിവരാവകാശ കമീഷണർ പി.ആർ. ശ്രീലത ഉത്തരവിട്ടു.
അപേക്ഷകന് തെറ്റായ വിവരങ്ങൾ നൽകി അഴിമതി മൂടിവെക്കാൻ ശ്രമിച്ച സർക്കാർ സെൻട്രൽ പ്രസിലെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ നടപടി സ്വീകരിക്കാനും കമീഷൻ തീരുമാനിച്ചു. നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഉദ്യോഗസ്ഥന് 15 ദിവസം നൽകി. സംസ്ഥാന ചരിത്രത്തിൽ രണ്ടാം തവണയാണ് വിവരാവകാശ കമീഷൻ ഒരു അപ്പീലിൽ പരാതിക്കാരനോട് വിജിലൻസിനെ സമീപിക്കാൻ ആവശ്യപ്പെടുന്നത്.
അച്ചടിവകുപ്പിൽ 2019 ജനുവരിയിൽ നടന്ന ഫോർമാൻമാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച് പ്രസിലെ ജീവനക്കാരൻതന്നെയാണ് വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയത്. 15 ചോദ്യങ്ങളിൽ ആറെണ്ണത്തിന് തെറ്റായ മറുപടിയാണ് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ആയ സീനിയർ സൂപ്രണ്ടും അപ്പീൽ അധികാരിയായ കൺട്രോളർ ഓഫ് ഫോംസും നൽകിയത്.
മറ്റ് ചോദ്യങ്ങളോട് ഇല്ല, ബാധകമല്ല, വിവരാവകാശനിയമം 2005 പ്രകാരം മറുപടി അർഹിക്കുന്നില്ല എന്നിങ്ങനെയായിരുന്നു ഉത്തരം. നിയമപ്രകാരം വിവരം നിഷേധിക്കുമ്പോൾ ഏത് വകുപ്പ് പ്രകാരമാണെന്ന് സൂചിപ്പിക്കണം. എന്നാൽ, ഉദ്യോഗസ്ഥർ ഇത് പാലിച്ചില്ലെന്ന് കമീഷൻ കണ്ടെത്തി.
ഫോർമാൻമാരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിെൻറയും ഹൈകോടതിയുടെയും വിധിക്കനുസരിച്ച് നടപ്പാക്കിയതെന്നായിരുന്നു മറുപടി. എന്നാൽ, കമീഷൻ പരിശോധനയിൽ അത്തരമൊരു വിധിയുണ്ടായിട്ടില്ലെന്നും സെക്ഷെൻറ സൗകര്യാർഥമായിരുന്നു നടപടിയെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ച രേഖകൾ നേരിട്ടുള്ള കൂടിക്കാഴ്ചയിൽ കമീഷന് മുമ്പാകെ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെവന്നതോടെയാണ് നടപടിക്രമങ്ങളിൽ അഴിമതി ബോധ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനും ഉത്തരവിട്ടത്.
ഡയറക്ടർക്കെതിരെ മുൻ സെക്രട്ടറി
തസ്തികകൾ മാറ്റാനുള്ള അധികാരം സർക്കാറിനാണെന്നിരിക്കെ മാനദണ്ഡങ്ങളും കോടതി ഉത്തരവും കാറ്റിൽപറത്തി അച്ചടിവകുപ്പിൽ തസ്തികകൾ മാറ്റിനൽകുന്ന ഡയറക്ടർ എ. ജയിംസ് രാജിനെതിരെ മുൻ വകുപ്പ് സെക്രട്ടറിയും പൊതുവിദ്യാസ സെക്രട്ടറിയുമായ എ. ഷാജഹാൻ കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകിയിരുന്നു.
സ്ഥാപിതതാൽപര്യക്കാർക്ക് നിർദിഷ്ട സ്ഥാനങ്ങളിൽ തുടരുന്നതിനാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് തസ്തികകൾ മാറ്റുന്നതെന്നും നടപടി ഗുരുതര കൃത്യവിലോപവും സർക്കാർ നിർദേശത്തിെൻറ മനഃപൂർവ ലംഘനവുമാണെന്നുമായിരുന്നു എ. ഷാജഹാെൻറ റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ടിൽ യാതൊരു നടപടിയും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.