ഫയൽ ചിത്രം

തീവ്രവാദത്തിലേക്ക്​ വഴിതെറ്റാതിരിക്കാൻ മഹല്ല് ഭാരവാഹികളെ ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പുനരാരംഭിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കൾ മതതീവ്ര നിലപാടുകളിൽ ആകൃഷ്​ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ കൈക്കൊണ്ട നടപടികൾ പുനരാരംഭിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മതതീവ്ര നിലപാടുകളിൽ യുവാക്കൾ എത്തിപ്പെടാതിരിക്കാൻ സ്​റ്റേറ്റ്​ സ്പെഷൽ ബ്രാഞ്ച് മുൻകൈയെടുത്ത്​ 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ച്​ അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടർച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക്​ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

തീവ്ര മതനിലപാടുകളിലൂടെ ഐ.എസ് ആശയങ്ങളിൽ ആകൃഷ്​ടരായി യുവാക്കൾ വഴിതെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്മാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികൾ കോവിഡ് പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തി​െവ​േക്കണ്ടി വന്നു. അത് പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 4941 മയക്കുമരുന്ന് കേസുകളിൽ 5422 പേരാണ് പ്രതികളായുള്ളത്. ഇവരിൽ 2700 പേർ (49.8 ശതമാനം) ഹിന്ദു മതത്തിൽ പെട്ടവരാണ്. 1869 പേർ (34.47 ശതമാനം) ഇസ്​ലാം മതത്തിൽ പെട്ടവരാണ്. 853 പേർ (15.73 ശതമാനം) ക്രിസ്തുമതത്തിൽ പെട്ടവരാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപനക്കാരോ പ്രത്യേക സമുദായത്തിൽ പെടുന്നവരാണെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതത്തിൽപെട്ട വിദ്യാർഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാൽ പ്രത്യേക മതത്തിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. ഇത് വിദ്വേഷത്തിന് വിത്തിടുന്നതാകും. സമൂഹത്തിന്‍റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

തീവ്ര നിലപാടുകാർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രചാരണം നടത്തുന്നവരെയും പിന്തുണ നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം. സർക്കാർ നിർദാക്ഷിണ്യം ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കും. നോക്കിനിൽക്കുന്ന സമീപനം ഉണ്ടാവില്ല.

അനാരോഗ്യകരമായ പ്രതികരണത്തിന്‍റെ തെറ്റ് മനസിലാക്കി അതിന്‍റെ തുടർനടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് വേണ്ടത്. ഈ വിഷ‍യത്തിൽ ചർച്ച നടത്താനോ പിന്തുണ നൽകാനോ അല്ല മന്ത്രി വാസവൻ പാല ബിഷപ്പിനെ കാണാൻ പോയത്. അക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സർവകക്ഷി യോഗം വിളിച്ചാൽ ഇപ്പോൾ എന്താണ് ഗുണം. ഓരോ കക്ഷികളും അവരവരുടെ തലങ്ങളിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക, ബന്ധപ്പെട്ട ആളുകളെ തെറ്റ് തിരുത്തിക്കാൻ പ്രേരിപ്പിക്കുക, മതനിരപേക്ഷ ചിന്താഗതിക്കാർക്ക് ഒരേ അഭിപ്രായമാണ് ഇക്കാര്യത്തിൽ ഉണ്ടാവുക. അത് നാട്ടിൽ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യാനുള്ളത്. സർവകക്ഷി യോഗം വിളിക്കേണ്ട ഒരു ഘട്ടം ഇപ്പോഴില്ല.

നിർഭാഗ്യകരമായ ഒരു പരാമർശവും അതേത്തുടർന്ന് നിർഭാഗ്യകരമായ ഒരു വിവാദവുമാണ് സംസ്ഥാനത്തുണ്ടായത്. വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്‍റെ പേരിൽ തള്ളേണ്ടതല്ല. അതിന്‍റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നാടിന്‍റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കും -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Counter-radicalization to be resumed with Mahal office-bearers to Preventing Terrorism says pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.