കൊടകര: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഘോഷങ്ങള്‍ നിലച്ചപ്പോള്‍ ജീവിതം വഴിമുട്ടിയവരില്‍ കാവടി തൊഴിലാളികളുമുണ്ട്. പീലിക്കാവടികളും പൂക്കാവടികളും നിർമിച്ച് ഷഷ്ഠി പറമ്പുകളെ വര്‍ണാഭമാക്കിയിരുന്ന ഇവരുടെ ജീവിതം നിറം കെട്ടപ്പോള്‍ അതിജീവനത്തിനായി പലരും പലവിധ തൊഴിലുകളിലേക്ക് ചുവടുമാറി.
എന്നാൽ, കൊടകരയിലെ കാവടി നിർമാതാവായ വെങ്ങലശേരി രവി മടങ്ങിയത് കുലത്തൊഴിലിലേക്കാണ്. രണ്ടുപതിറ്റാണ്ടായി കാവടികള്‍ നിർമിക്കുന്നയാളായിരുന്നു കൊടകര കുംഭാരത്തറയിലെ രവി. വീടിനോടുചേര്‍ന്നുള്ള പണിപ്പുരയിലാണ് രവിയും സഹായികളും ചേര്‍ന്ന് കാവടികള്‍ നിര്‍മിച്ചിരുന്നത്.
വൃശ്ചികമാസം മുതല്‍ മീനമാസം വരെ നീളുന്ന ഷഷ്ഠി-വേല ആഘോഷങ്ങള്‍ക്കായാണ് രവിയും സംഘവും കാവടിസെറ്റ് എത്തിച്ചുകൊടുത്തിരുന്നത്. സിനിമ ഷൂട്ടിങ് ഉൾപ്പെടെയുള്ള മറ്റു ആഘോഷങ്ങൾക്കും കാവടികള്‍ കൊണ്ടുപോകാറുണ്ട്. കോവിഡ് മഹാമാരി കാവടി നിർമാതാക്കളെയും ആട്ടക്കാരേയും പ്രതിസന്ധിയിലാക്കിയപ്പോൾ രവി കുലത്തൊഴിലായ മണ്‍പാത്രനിർമാണം തുടങ്ങിയിരിക്കയാണിപ്പോള്‍. വീടിനു പുറകില്‍ ഷെഡ് നിര്‍മിച്ച് ചൂളയും അനുബന്ധസൗകര്യങ്ങളും ഒരുക്കിയാണ് രവിയും സഹായി പ്രസാദും മണ്‍പാത്രങ്ങള്‍ മെനെഞ്ഞടുക്കുന്നത്.
മണ്ണ് അരച്ചെടുക്കുന്നതിനുള്ള യന്ത്രവും വാങ്ങി. കളിമണ്ണിെൻറയും വിറകിെൻറയും വിലവര്‍ധനയും ക്ഷാമവും മണ്‍പാത്ര നിർമാണത്തിന് വെല്ലുവിളിയാണ്. ഓട്ടുകമ്പനികളില്‍ നിന്ന് കൂടിയ വിലക്ക് വാങ്ങുന്ന കളിമണ്ണാണ് പാത്രനിർമാണത്തിന് ഉപയോഗിക്കുന്നത്.
മുന്‍കാലത്തെ അപേക്ഷിച്ച് മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരുള്ളതിനാല്‍ മണ്‍പാത്രങ്ങള്‍ വിറ്റഴിയുന്നുണ്ടെന്ന് രവി പറയുന്നു. ചെടിച്ചട്ടികളും കറി വെക്കാനുപയോഗിക്കുന്ന ചട്ടികള്ക്കുമാണ് ആവശ്യക്കാരേറെ. അതുകൊണ്ടുതന്നെ നിർമിക്കുന്നവയിലേറെയും ചെടിച്ചട്ടികളാണ്. കളിമണ്ണുകൊണ്ടുള്ള അലങ്കാര വസ്തുക്കളും ഇവര്‍ ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.