തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓരോ ദിവസവും ഐ.സി.യു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും ദൈനംദിന കണക്കുകൾ സ്വകാര്യ ആശുപത്രികൾ ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറണം.
വിവരം കൃത്യമായി കൈമാറാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ നിർബന്ധിതമാകും. കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളിൽനിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. അതുപോലെ ഈ സമയത്തും മന്ത്രി പിന്തുണ അഭ്യർത്ഥിച്ചു. സംസ്ഥാന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രതിദിന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്സിനേഷൻ ഡോസുകളുടെ ഇടവേളയിൽ കാലതാമസം വരുത്തരുതെന്ന് ആർ.ആർ.ടി യോഗം വിലയിരുത്തി. ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്സിനേഷൻ 83 ശതമാനമാണ്. കൃത്യമായ ഇടവേളകളിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണം.
കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പത് മാസത്തിനുശേഷം കരുതൽ ഡോസിന് അർഹരായവർ മൂന്നാമത്തെ വാക്സിനും സ്വീകരിക്കണം.
ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരായ പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യും. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വർധിക്കാൻ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതോടെയാണ് ശരീരം പൂർണമായി പ്രതിരോധശേഷി ആർജിക്കുന്നത്. ഒരു ഡോസ് മാത്രമെടുത്തവരെ പൂർണ വാക്സിനേഷനായി കണക്കാക്കില്ല.
വാക്സിനേഷൻ എടുത്തവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കുകയും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. കൊവിഷീൽഡിനെ പോലെ ഫലപ്രദവും സുരക്ഷിതവും ആണ് കോവാക്സിനും. ഇനിയും വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.