സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും; ജോസിന്‍റെ വരവ് മുന്നണിക്ക് ഗുണകരമായില്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സി.പി.ഐ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന സംസ്ഥാന നിർവാഹക സമിതി ‍യോഗത്തിൽ സമ്മേളനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകും. പാർട്ടിക്ക് കീഴിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനം അവലോകനം ചെയ്യും.

അതേസമയം, ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് എമ്മിന്‍റെ വരവ് മുന്നണിക്ക് പ്രത്യേക നേട്ടമുണ്ടാക്കിയില്ലെന്നാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം. കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പാലായിലേയും കടുതുരുത്തിയിലേയും തോൽവികൾ ചൂണ്ടിക്കാട്ടിയാണ് നിലപാട്. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലേറിയത് ഭരണത്തുടർച്ച ജനം ആഗ്രഹിച്ചതുകൊണ്ടാണെന്നും സി.പി.ഐ വിലയിരുത്തുന്നു. റിപ്പോർട്ട് ഇന്ന് നിർവാഹക സമിതിയിലും നാളെ സംസ്ഥാന കൗൺസിലിലും അവതരിപ്പിക്കും.

ജനയുഗത്തെ വിമർശിച്ച സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍റെ മറുപടി ഇന്ന് ചേരുന്ന നിർവാഹക സമിതി യോഗം ചർച്ച ചെയ്യും. പരസ്യ വിമർശനത്തിൽ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിർണായകമാണ്. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ. ശിവരാമന്‍റെ ആരോപണം.

സി.പി.ഐ പാർട്ടി മുഖപത്രം ജനയുഗം ശ്രീനാരായണഗുരുവിന്‍റെ പ്രാധാന്യം കുറച്ചു എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വിമർശനം. സോഷ്യൽ മീഡിയയിൽ വിമർശനം വലിയ വിവാദമായിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നും അത് വളരെ പ്രാധാന്യം കുറച്ചാണ് നൽകിയതെന്നുമായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കെ.കെ. ശിവരാമൻ ആരോപിച്ചിരുന്നു.

നാളെയും മറ്റന്നാളുമായാണ് സംസ്ഥാന കൗൺസിൽ യോഗം നടക്കുക. 

Tags:    
News Summary - CPI leadership meetings will begin today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.