തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ആരംഭിച്ച സിനിമക്കുള്ളിലെ സ്ത്രീപീഡന ചർച്ചകളിൽ പ്രതിപ്പട്ടികയിൽ കേന്ദ്രസ്ഥാനത്തുള്ള നടൻ മുകേഷിനെ കൈവിടാതെ സി.പി.എം. മുകേഷ് രാജിവെക്കണമെന്ന സി.പി.ഐ നേതൃയോഗത്തിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിച്ചിരുന്നു.
എന്നാൽ, മുന്നണിയിലെ രണ്ടാം ഘടകകക്ഷിയുടെ ആവശ്യവും സി.പി.എം പരിഗണിക്കുന്നില്ല. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ല. മുകേഷിന്റെ രാജി ഇപ്പോൾ വേണ്ടെന്ന സി.പി.എം നിലപാടിൽ തൽക്കാലം മാറ്റമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. സി.പി.എം പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട ഒരുക്കമായിരുന്നു വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിന്റെ അജണ്ടയെന്ന് നേതൃത്വം പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി ശനിയാഴ്ച യോഗം ചേരുന്നുണ്ട്. അവിടെ, മുകേഷ് വിഷയം ചർച്ചക്ക് വന്നേക്കും.
കഴിഞ്ഞദിവസം ചേർന്ന സി.പി.എം കൊല്ലം ജില്ല കമ്മിറ്റി യോഗത്തിൽ മുകേഷിന് കടുത്ത വിമർശനം ഉയർന്നു. കൊല്ലത്തുനിന്നുള്ള എം.എൽ.എയായ മുകേഷിന്റെ കാര്യത്തിൽ ജില്ല നേതൃത്വം സംസ്ഥാന സമിതിയിൽ എന്ത് പറയുന്നുവെന്നത് നിർണായകമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നാലര വർഷം നടപടിയെടുക്കാതിരുന്നതിന് സർക്കാറിനുനേരെ കടുത്ത വിമർശനമുണ്ട്.
മുകേഷിനെ ചേർത്തുനിർത്തുന്നതിലൂടെ ചർച്ച അതിൽ കേന്ദ്രീകരിച്ച് പരിക്ക് കുറക്കാമെന്ന് സി.പി.എം കരുതുന്നെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, മുകേഷിന്റെ രാജി ആവശ്യത്തിൽ സി.പി.ഐയുടെ ഭാഗത്തുനിന്ന് കടുംപിടിത്തമുണ്ടാകില്ല. മുകേഷിനെ കൈവിടാൻ സി.പി.എം ഒരുക്കമല്ലെന്ന് സി.പി.ഐക്ക് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ എതിർപ്പറിയിച്ച് പിന്മാറുകയെന്ന സമീപനമാണ് സി.പി.ഐക്കുള്ളത്. രാജി ആവശ്യപ്പെട്ട ആനി രാജയെ തള്ളിയ ബിനോയ് വിശ്വം ഇതാണ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.