മണിപ്പൂരിൽ ജനങ്ങൾ കത്തിയമരുമ്പോൾ പ്രധാനമന്ത്രി അമേരിക്കയിൽ യോഗ ദിനം ആചരിക്കുകയാണെന്ന് വൃന്ദാകാരാട്ട്

മണിപ്പൂരിൽ ജനങ്ങൾ കത്തിയമരുമ്പോൾ പ്രധാനമന്ത്രി അമേരിക്കയിൽ യോഗ ദിനം ആചരിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന്‌ ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ്‌ ഈ മൗനത്തിന്‌ കാരണം. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യനിര ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

മണിപൂരിലെന്ന പോലെ അസമിലും ചത്തീസ്ഗഡിലും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം വർധിക്കുകയാണ്‌. മണിപ്പൂരിൽ ക്രിസ്‌ത്യനികൾക്കെതിരെയാണ്‌ അക്രമമെങ്കിൽ അസാമിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെയാണ്‌ ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുന്നത്‌. ക്രിസ്‌തുമതത്തിലേക്ക്‌ മാറിയ ആദിവാസി വിഭാഗങ്ങളാണ്‌ ചത്തീസ്ഗഡിൽ ഇരകളാക്കപ്പെടുന്നത്‌. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ചത്തീസ്ഗഡ്‌ ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാരും തയ്യാറാകുന്നില്ല. റബ്ബറിന്‌ കിലോയ്‌ക്ക്‌ 300 രൂപ നൽകിയാൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്‌ വോട്ട്‌ നൽകാമെന്ന്‌ പറയുന്ന കേരളത്തിലെ പുരോഹിതർ ചത്തീസ്‌ഗഡിലെയും മണിപ്പൂരിലെയും ക്രിസ്‌ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾ കൺതുറന്നുകാണണമെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു.

‌കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏകീകൃത സിവിൽകോഡ്‌ തുല്യത ഉറപ്പുവരുത്തുന്ന ഒന്നല്ല, മറിച്ച്‌ അനീതിയും അസമത്വവുമാണ്‌ ഏകീകൃതമായി മാറുന്നത്‌. വ്യക്തിനിയമങ്ങളിലും ഓരോ മതത്തിനകത്തുമുള്ള നിയമങ്ങളിൽ സ്‌ത്രീകൾക്കനുകൂലമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയാണ്‌ വേണ്ടതെന്നും വൃന്ദാകാരാട്ട് പറഞ്ഞു. 

Tags:    
News Summary - CPM leader Brinda Karat speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.