സംസ്ഥാനത്തെ ദേശീയപാത വികസനം ഏറ്റവുമധികം മന്ദഗതിയിൽ നടക്കുന്നത് കല്ലുംതാഴം മുതൽ നീണ്ടകര വരെയുള്ള ഭാഗങ്ങളിലാണ്. ആറ് റീച്ചുകളിൽ മൂന്നും നാലും റീച്ചുകളിലാണ് കൊല്ലം ജില്ല ഉൾപ്പെടുന്നത്. മൂന്നാമത്തെ റീച്ച് കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാട് ബൈപാസ് വരെയും നാലാമത്തെ റീച്ച് കാവനാട് ബൈപാസ് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുമാണ്.
2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുന്നതിനാണ് കരാറെങ്കിലും ഇത്തരത്തിൽ നാടിനും നാട്ടാർക്കും കച്ചവടക്കാർക്കും ദുരിതമായി ഇഴഞ്ഞുനീങ്ങുന്ന ‘വികസനപാത’ എന്ന് അവസാനിക്കുമെന്ന് ആർക്കും പറയാനാവില്ല. സർവിസ് റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ, മേൽപാലങ്ങൾ, ഓട നിർമാണം, യൂട്ടിലിറ്റി കോറിഡോർ എന്നിവയുടെ നിർമാണങ്ങളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്.
പലയിടങ്ങളിലും അടിപ്പാതയുടെ നിർമാണം പൂർത്തിയായെങ്കിലും ബാക്കി പ്രവർത്തികൾ നടക്കാത്തതിനാൽ റോഡിന് നടുവിൽ നോക്കുകുത്തിയായി അടിപ്പാതകൾ നിൽക്കുകയാണ്. കുരീപ്പുഴയിലെ അടിപ്പാതയുടെ നിർമാണം പൂർത്തിയായെങ്കിലും റോഡിന് നടുവിലെ സ്മാരകമായി അടിപ്പാത നിൽക്കുകയാണ്. പ്രധാന പാതയുടെ ഇരുവശത്തുമുള്ള സർവിസ് റോഡ് നിർമാണം കല്ലുംതാഴം മുതൽ ചവറ വരെ 60 ശതമാനം പോലും പൂർത്തിയായിട്ടില്ല.
കല്ലുംതാഴം കഴിഞ്ഞാൽപിന്നെ ആദ്യ അടിപ്പാത വരുന്നത് മങ്ങാടാണ്. അടിപ്പാതയുടെ നിർമാണം മാത്രം പൂർത്തിയാക്കി. അതിനുശേഷമാണ് മങ്ങാട്-കടവൂർ പാലം വരുന്നത്. പാലത്തിന്റെ നിർമാണം 50 ശതമാനം പോലും പൂർത്തിയായിട്ടില്ല. 800 മീറ്ററോളം ദൂരത്തിൽ അഷ്ടമുടിക്ക് കുറുകെ നിർമിക്കുന്ന പാലത്തിൽ കടവൂർ ഭാഗത്തുനിന്നും കുറച്ചുഭാഗങ്ങളിൽ ഗർഡറുകൾ സ്ഥാപിച്ചതല്ലാതെ മറ്റു പണികളൊന്നും നടന്നിട്ടില്ല.
കല്ലുംതാഴം- കടവൂർ മേഖലകളിൽ പ്രധാന പാതയുടെ ടാറിങ് ജോലികൾ പുരോഗമിക്കുകയാണ്. മിക്കയിടത്തും മേൽപാലങ്ങളുടെ നിർമാണം പകുതി മാത്രമേ പിന്നിട്ടിട്ടുള്ളൂ. കടവൂർ ജങ്ഷനിലാണ് കൊല്ലം-തേനി ദേശീയപാതയും എൻ.എച്ച് 66മായി സംഗമിക്കുന്നത്. ദേശീയപാത വികസനം പൂർത്തിയായാൽ കടവൂർ ജങ്ഷനിൽ നിന്നാകും കൊല്ലം-തേനി ദേശീയപാതയുടെ തുടക്കം. നീരാവിൽ പാലത്തിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.
ഇവിടങ്ങളിൽ സർവിസ് റോഡുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. പാലം നിർമാണം പൂർത്തിയാക്കിയാലേ സർവിസ് റോഡുകൾ തുറന്നു കൊടുക്കാനാകൂ. പഴയ ടോൾപ്ലാസക്ക് സമീപം കുരീപ്പുഴയിൽ നിർമാണം എങ്ങുമെത്തിയിട്ടില്ല. കാവനാട്-കുരീപ്പുഴ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
100 മീറ്ററോളം ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സർവിസ് റോഡുകളുടെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. വേണ്ടത്ര അടിപ്പാതകളില്ലാത്തതാണ് ഇവിടുത്തെ പ്രദേശവാസികൾക്ക് വെല്ലുവിളിയാകുന്നത്. വഴിനീളെ ഗർഡറുകൾ നിരത്തിയിരിക്കുന്നതിനാൽ കാൽനടക്കാരുൾപ്പെടെ ഇവ ചാടിക്കടക്കുകയാണ്.
ആൽത്തറമൂട് ജങ്ഷൻ മുതൽ വിശ്വസമുദ്ര കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. തുടർന്നങ്ങോട്ടേക്ക് ഒച്ചിനെക്കാൾ പതിയെയാണ് നിർമാണം പുരോഗമിക്കുന്നത്. ബൈപാസ് ആരംഭിക്കുന്ന ആൽത്തറമൂട് ജങ്ഷനിൽ പില്ലറുകൾ സ്ഥാപിച്ച് മുകളിൽ മേൽപാലത്തിന്റെ ഗർഡറുകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഇവ ആകാശത്തേക്ക് നോക്കിനിൽക്കുന്ന സ്മാരകം പോലുണ്ട്. ഒരുസൈഡിൽ മാത്രം പൊളിച്ചിട്ട ഇടങ്ങളിൽ മന്ദഗതിയിൽ നിർമാണം നടക്കുന്നുണ്ട്. സർവിസ് റോഡും ഓടയുടെ നിർമാണംപോലും പൂർത്തീകരിച്ചിട്ടില്ല. പലയിടങ്ങളിലും ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ റോഡിൽനിന്നും ഇതുവരെ മാറ്റിസ്ഥാപിച്ചിട്ടില്ല. പലയിടങ്ങളിലും പണി ഉപേക്ഷിച്ച് മടങ്ങിപ്പോയതുപോലുള്ള അവസ്ഥയിലാണ്.
ദേശീയപാതയിലെ പ്രധാന ജങ്ഷനിൽ ഒന്നാണ് ശക്തികുളങ്ങര. ഇവിടെ പാലത്തിനായുള്ള തൂണുകളുടെ നിർമാണം പൂർത്തിയായി. എന്നാൽ, ഗർഡറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. കടലിനോട് എറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന പാലമാണിത്.
കടലും കായലും തമ്മിൽ സംഗമിക്കുന്ന പ്രദേശംകൂടിയാണ്. നീണ്ടകര പോർട്ടിലേക്ക് പോകുവാനുള്ള അടിപ്പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. ഒരുസൈഡിലൂടെയുള്ള സർവിസ് റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും തുറന്ന് നൽകിയിട്ടില്ല.
വേട്ടുതറ ജങ്ഷനിൽ അടിപ്പാത ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമായിരിക്കുകയാണ്. തെക്കുംഭാഗം, ദളവപുരം ഭാഗങ്ങളിലേക്ക് പോകാനുള്ള യാത്രക്കാർക്കാണ് എറെ ദുരിതം. ഇവർ കിലോമീറ്ററുകൾ സഞ്ചരിച്ച് നീണ്ടകരയിലെത്തിവേണം റോഡ് മുറിച്ചുകടക്കാൻ.
നീണ്ടകര-ചവറ മേഖലയിൽ ഇടറോഡുകളുടെ പ്രാധാന്യം പരിഗണിക്കാതെയും വേണ്ടത്ര പഠനം നടത്താതെയുമാണ് അടിപ്പാത നിശ്ചയിച്ചതെന്ന് പരാതികൾ ഏറെയുണ്ട്. വേട്ടുതറ, നീണ്ടകര ഫൗണ്ടേഷൻ ആശുപത്രി, ഇടപ്പള്ളിക്കോട്ട എന്നീ പ്രധാന സ്ഥലങ്ങളിൽ അടിപ്പാത അനുവദിക്കണം എന്ന ആവശ്യമായി നാട്ടുകാർ ഇപ്പോഴും സമരപാതയിലാണ്.
നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്കു സമീപം അടിപ്പാത ഇല്ലാത്തത് രോഗികളെയാകും ഏറെ വലക്കുന്നത്. പന്മന, തേവലക്കര, ശാസ്താംകോട്ട, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലേക്കുള്ള പ്രവേശന കവാടമായ വേട്ടുതറയിൽ അടിപ്പാത അനുവദിക്കമെന്ന് ആവിശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്.
ദേശീയപാതയിൽ വെള്ളക്കെട്ടിന്റെ ഏറ്റവും ദുരിതപൂർണമായ അവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് ചവറ മേഖലയാണ്. കാലവർഷമെത്തിയതോടെ ചവറ കെ.എം.എം.എല്ലിന് മുന്നിലെ വെള്ളക്കെട്ട് എങ്ങോട്ട് ഒഴുകണമെന്ന് അറിയാതെ റോഡിൽ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്.
കുഴിയിൽ വീഴാതെ രക്ഷപ്പെടുക എന്നത് ഇവിടെ ശ്രമകരമാണ്. പോരാത്തതിന് ഫാക്ടറിയിൽ നിന്നുൾപ്പെടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളംകൂടിയായതിനാൽ ഇരുചക്ര വാഹനത്തിൽ പോകുന്നവർക്കുപോലും കാലുകുത്താൻ ഭയമാണ്. ഇതാണ് നിലവിൽ ദേശീയപാത 66 ലൂടെ യാത്ര ചെയ്യുന്നവരുടെ സ്ഥിതി.
മഴ പെയ്തതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. പുതിയക്കാവ് ,കരുനാഗപ്പള്ളി , വവ്വാക്കാവ് , വേട്ടുത്തറ , ശക്തികുളങ്ങര, പുത്തൻത്തുറ, ആൽത്തറമൂട്, നീണ്ടകര തുടങ്ങിയ ഇടങ്ങളിലെല്ലാം മഴപെയ്താൽ അരക്കൊപ്പമെത്തുന്ന വെള്ളക്കെട്ടുകളും കുഴിയുമാണ്. മഴവെള്ളം നിറഞ്ഞതോടെ ഓഫ് റോഡ് വാഹനങ്ങൾ വേണം ഇവ നീന്തിക്കയറാനെന്ന അവസ്ഥയിലായിരിക്കുകയാണ്.
ആഴം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയാതെ നട്ടംതിരിയുകയാണ് ഇരുചക്ര വാഹനയാത്രക്കാർ. താൽക്കാലികമായിപ്പോലും പലയിടത്തും സർവിസ് റോഡുകൾ നിർമിച്ചിട്ടില്ല. ജലവിതരണക്കുഴലുകൾ ഉൾപ്പെടെ സർവിസ് റോഡുകൾക്കടുത്ത് അപകടകരമായ രീതിയിലാണ് നിരത്തിവെച്ചിരിക്കുന്നത്. നിലവിലെ ചവറ പാലം വീതികൂട്ടാനാവില്ലെന്നും പകരം അവിടെ മൂന്നുവരിയോട് കൂടിയ പുതിയ പാലം നിർമ്മിക്കാനും തീരുമാനം ആയിരുന്നു.
നിലവിലെ ചവറ പാലത്തിന് ഏഴുമീറ്റർ വീതിയുണ്ട്. ആർച്ച് ബ്രിഡ്ജായതിനാൽ വീതി കൂട്ടാനാവില്ല. പുതിയ പാലത്തിലൂടെ ഒരു ദിശയിലേക്കുള്ള വാഹനങ്ങൾ കടത്തിവിടും. നിലവിലുള്ള പാലം മറുഭാഗത്തേക്കുള്ള ഗതാഗതത്തിന് ഉപയോഗിക്കാനാകുമെന്നും ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. നല്ലേഴത്ത്മുക്കിൽ റോഡ് അടച്ചതല്ലാതെ നിർമാണം എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.