ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്; രജിസ്​റ്റർ ചെയ്തത് 33 കേസുകൾ

ചെറുവത്തൂർ: എം.സി. ഖമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിനെതിരെ പരാതികളുടെ പ്രവാഹം. ബുധനാഴ്ച രജിസ്​റ്റർ ചെയ്ത 14 കേസുകൾ ഉൾപ്പെടെ ചന്തേര സ്​റ്റേഷനിൽമാത്രം 26 കേസുകളായി. കാസർകോട് സ്​റ്റേഷനിൽ അഞ്ചും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ടും ഉൾപ്പെടെ 33 കേസുകളാണ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

മൂന്ന് ബ്രാഞ്ചുകളായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപം നൽകിയവരാണ് കൂട്ടത്തോടെ പരാതി നൽകുന്നത്. അതിനിടെ, വിവാദം ചർച്ച ചെയ്യുന്നതിന് വ്യാഴാഴ്ച എം.എൽ.എയെ വിളിച്ചു വരുത്തി പാണക്കാട്ട്​ നിർണായക യോഗം ചേരുന്നുണ്ട്. ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക്​ തിരിച്ചുനൽകിയില്ലെന്ന പരാതിയിലാണ് കേസുകളെടുത്തത്. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതിക്കാർ പറയുന്നത്.

ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്​ദുൽ ഷുക്കൂർ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ്‌ ആദ്യം ചന്തേര പൊലീസ്​ കേസെടുത്തത്​. കൂടാതെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്​ വരികയും ചെയ്​തിരുന്നു. ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ, മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് പരാതി. ഇവർക്കെതിരെ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തത്.

അതേസമയം, തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എല്ലാവര്‍ക്കും വേണ്ടത് തന്‍റെ ചോരയാണെന്നും എം.സി. ഖമറുദ്ദീന്‍ എം.എൽ.എ പ്രതികരിച്ചിരുന്നു. സജീവരായിരുന്ന പല ഡയറക്ടര്‍മാരും കമ്പനി നഷ്ടത്തിലായതോടെ രാജിവെച്ച് ഒഴിഞ്ഞതായി എം.എല്‍.എ പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടില്ല. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചത്. അവരാണ് തന്നെ സമീപിച്ചത്. ചെയര്‍മാന്‍ ആവാനില്ലെന്ന് ആവര്‍ത്തിച്ചതായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരമാണ് ചുമതല ഏറ്റെടുത്തതുപോലും. പക്ഷേ, സ്ഥാപനം ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പലരും ഇപ്പോള്‍ രംഗത്ത് ഇല്ല. ആസ്തികള്‍ വില്‍പന നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.