സപ്ലൈകോക്ക് ഇരുട്ടടി

തൃശൂര്‍: കറന്‍സി പ്രശ്നം സിവില്‍ സപൈ്ളസ് കോര്‍പറേഷനും (സപൈ്ളകോ) ഇരുട്ടടിയായി. നോട്ടില്‍ കുടുങ്ങിയതിനാല്‍ സര്‍ക്കാറില്‍ നിന്ന്  പണം  ലഭിക്കാത്തതും ഒൗട്ട്ലെറ്റുകളില്‍ വിറ്റുവരവ് കുത്തനെ ഇടിഞ്ഞതുമാണ് തിരിച്ചടിയായത്.  ഇതുമൂലം സാധനങ്ങള്‍ വാങ്ങാനുള്ള ഇ-ടെന്‍ഡര്‍ മൂന്നുതവണ മാറ്റി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയതിനാല്‍ വില കൂട്ടേണ്ടിയും വന്നു. നോട്ട് പ്രശ്നത്തിനൊപ്പം വിലവര്‍ധന കൂടിയായതോടെ ജനം പൊറുതിമുട്ടുകയാണ്. കറന്‍സിയുടെ അഭാവത്തില്‍ ഒൗട്ട്ലെറ്റുകളില്‍ എത്തുന്നവരുടെ എണ്ണം മൂന്നില്‍ ഒന്നായതും വരുമാനം കുറയാന്‍ ഇടയാക്കുന്നുണ്ട്. ഒൗട്ട്ലെറ്റുകളില്‍ അരിഅടക്കം സാധനങ്ങള്‍ നല്‍കാനുമില്ല.

ഉയര്‍ന്ന  വിലയ്ക്ക് വാങ്ങിയതിനാല്‍ അരികിലോക്ക് ഒന്നു മുതല്‍ 4.50 വരെ കൂട്ടി. തുറന്ന വിപണിയില്‍ അരി കിലോക്ക് ആറു മുതല്‍ 12വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സപൈ്ളകോയും വില വര്‍ധിപ്പിച്ചത്. കിലോ 29 രൂപക്ക് നല്‍കിയിരുന്ന സബ്സിഡി ഇതര ചെറുമണിവ്യാഴാഴ്ച മുതല്‍ 33.50ന് നല്‍കാനാണ് ഉത്തരവ്. 32.50ന് നല്‍കിയ ജയ 33.50നും നല്‍കണം. മട്ട ഡിപ്പോകളില്‍ സ്റ്റോക്കുമില്ല. മാത്രമല്ല എത്തിയ ചെറുമണി,ജയ അരി തുലോം കുറവുമാണ്. പരമാവധി അഞ്ചുകിലോ വരെ നല്‍കിയാല്‍ മതിയെന്ന വാക്കാല്‍ നിര്‍ദേശവുമുണ്ട്.കടല,പയര്‍,മുളക് അടക്കം നിത്യോപയോഗ സാധനങ്ങള്‍ വന്നിട്ട് മാസം ഒന്നായി.എന്നാല്‍ ഉഴുന്ന്,മല്ലി അടക്കം ചില സാധനങ്ങള്‍ പേരിനുണ്ട്.

കഴിഞ്ഞ രണ്ടു ടെന്‍ഡറുകളിലും അരി അടക്കം ഉയര്‍ന്ന വില വന്നതോടെ സാധനങ്ങള്‍ വാങ്ങിയിരുന്നില്ല.ഒക്ടോബര്‍ ആദ്യം ഇ-ടെന്‍ഡര്‍ നടത്തിയെങ്കിലും ഉയര്‍ന്നവില ആയതിനാല്‍ വാങ്ങാനായില്ല.തുടര്‍ന്ന് നവംബര്‍ എട്ടിന് റീ-ടെന്‍ഡര്‍ നടത്തിയെങ്കിലും വിലവര്‍ധന തുടര്‍ന്നതിനാല്‍  വാങ്ങിയില്ല.ഒൗട്ട്ലെറ്റുകള്‍ കാലിയാവുമെന്ന അവസ്ഥ വന്നതോടെ കഴിഞ്ഞ 25ന് വീണ്ടും ടെന്‍ഡര്‍ വിളിച്ചു. ഏറെ വിലപേശല്‍ നടത്തിയ ശേഷമാണ് സാധനങ്ങള്‍ വാങ്ങാന്‍ ധാരണയായത്.ഇതുതന്നെ ഡിപ്പോകള്‍ ആവശ്യപ്പെട്ടതിന്‍െറ മൂന്നില്‍ ഒരുഭാഗം പോലും വാങ്ങാന്‍ സപൈ്ളകോക്കായില്ല.

 

Tags:    
News Summary - currency issues supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.