കൊച്ചി: ഇലന്തൂർ നരബലി കേസിലേക്ക് പൊലീസിനെ എത്തിച്ചത് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരനുണ്ടായ സംശയം. കടവന്ത്രയിൽ ലോട്ടറി വിൽക്കുന്ന പത്മയെ കാണാനില്ലെന്ന സഹോദരിയുടെ പരാതി സെപ്റ്റംബർ 27നാണ് പൊലീസിന് ലഭിക്കുന്നത്. പരാതി ശ്രദ്ധയിൽപെട്ട ഡി.സി.പി ശശിധരൻ ഇത് സാധാരണ തിരോധാനമല്ലെന്ന് വിലയിരുത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്നുതന്നെ വയർലസിലൂടെ നിർദേശം നൽകുകയായിരുന്നു.
പിന്നീട് അന്വേഷണത്തിന് അദ്ദേഹംതന്നെ നേതൃത്വം നൽകി. അന്വേഷണഭാഗമായി കടവന്ത്ര മുതൽ തിരുവല്ല വരെയുള്ള പരമാവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അങ്ങനെ പരിശോധിക്കുന്നതിനിടെ ശ്രദ്ധയിൽപെട്ട അവ്യക്തമായ ഒരു സി.സി.ടി.വി ദൃശ്യമാണ് വഴിത്തിരിവുണ്ടാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങളിലുള്ള സത്രീകൾ കയറുന്ന സ്കോർപിയോ വാഹനം സൂക്ഷ്മമായി പരിശോധിച്ച് വാഹന ഉടമയെ കണ്ടെത്തിയത് ഷാഫി എന്ന ഒന്നാം പ്രതിയിലേക്ക് എത്താൻ സഹായിച്ചു. ഡി.സി.പിയുടെ അന്വേഷണത്തിലെ അനുഭവസമ്പത്താണ് കേസിൽ വഴിത്തിരിവായതെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലവും പറഞ്ഞു.
അന്വേഷണത്തിന് നേതൃത്വം നൽകിയ ഡി.സി.പി എസ്. ശശിധരൻ, എറണാകുളം സെൻട്രൽ എ.സി.പി ജയകുമാർ, കടവന്ത്ര എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബൈജു ജോസ്, എസ്.ഐ മിഥുൻ, എസ്.ഐ അനിൽ, എ.എസ്.ഐ ആനന്ദ്, എ.എസ്.ഐ സനീഷ്, സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സി.പി.ഒമാരായ സുമേഷ്, രതീഷ്, രാഗേഷ്, ദിലീപ്, ഷൗലിത്ത്, ഉണ്ണികൃഷ്ണൻ എന്നിവരെ കമീഷണർ അഭിനന്ദിച്ചു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ എസ്.ഐമാരായ അയിൻ ബാബു, ജോസി എ.എസ്.ഐ സനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അജിലേഷ്, അനീഷ്, രാഹുൽ, വിനീത് എന്നിവരുടെ സഹായവും ഉണ്ടായതായി കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.