കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച മോഡലുകളിലൊരാളായ ആൻസി കബീറിന്‍റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് ആൻസിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമയുടെ ഇടപെടലുകളിൽ ദുരൂഹതയുണ്ട്. ഹോട്ടലുടമ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചതായും ആൻസിയുടെ കുടുംബം പറഞ്ഞു.
ആൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനാണെന്ന് അറിയണം. ഇതുസംബന്ധിച്ച് അന്വേഷണം വേണം. നമ്പർ 18 േഹാട്ടലുടമയെ നേരത്തെ അറിയില്ല. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും ഹോട്ടലുടമക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ആൻസിയുടെ കുടുംബം ചോദിച്ചു.
ആൻസി കബീറും ഡോ.അഞ്ജന ഷാജനും സഞ്ചരിച്ച കാറിന്‍റെ ഡ്രൈവർ മാള സ്വദേശി അബ്ദുൾ റഹ്മാൻ ബുധനാഴ്ച വൈകീട്ടോടെ ജാമ്യത്തിലിറങ്ങി. മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
നവംബർ ഒന്നിന് പുലർച്ചെയാണ് കാർ അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിലും മരിച്ചു. കാർ ഡ്രൈവർ അബ്ദുൽ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ആഡംബര കാർ പിന്തുടർന്നതായി മൊഴി നൽകിയത്. ഡ്രൈവർ അടക്കം മദ്യപിച്ചാണ് കാറിൽ ഉണ്ടായിരുന്നതെന്നും തെളിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.