കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്നും മുഖ്യമന്ത്രിയും മുന്നണിയും തെറ്റ് തിരുത്തണമെന്നും എൻ.സി.പി (എസ്) രാഷ്ട്രീയകാര്യ പ്രമേയം. ശനിയാഴ്ച കൊച്ചിയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടിവിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമുയർന്നത്. മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ, സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ പി.കെ. രാജൻ അവതരിപ്പിച്ച പ്രമേയത്തിലാണ് വിമർശനം.
രണ്ടാം പിണറായി സർക്കാർ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുശേഷം വിലയിരുത്തിയിരുന്നു. തുടർന്ന് വന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഭരണവിരുദ്ധ വികാരം മനസ്സിലാക്കാൻ മുന്നണിക്കായില്ല. വിലക്കയറ്റം, കുത്തഴിഞ്ഞ ആരോഗ്യവകുപ്പ്, ഒരു ഉപകാരവുമില്ലാത്ത സപ്ലൈകോ, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ദുരിതം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, തെരഞ്ഞെടുപ്പുകാലത്തെ ബോംബ് സ്ഫോടനങ്ങൾ തുടങ്ങിയവയെല്ലാം തിരിച്ചടിയായി.
ഉയർത്തിക്കാണിക്കാൻ ഭരണനേട്ടമുണ്ടായില്ല. ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കുണ്ടായ പിഴവുകൾ ചർച്ചയായി. മാധ്യമങ്ങളെ എതിരാക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. സാധാരണ ജനങ്ങൾക്ക് അദ്ദേഹം അപ്രാപ്യനാണെന്ന തോന്നലുണ്ടാക്കി. നവകേരള സദസ്സ് ദോഷമായി മാറി. പാർട്ടിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെതിരെയും പ്രതിനിധികൾ രൂക്ഷവിമർശനമുയർത്തി. മന്ത്രിക്കും ഓഫിസിലുള്ളവർക്കും ധാർഷ്ട്യമാണെന്നും പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്നുമായിരുന്നു പ്രധാന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.