കാസർകോട്: പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവർക്കെതിരെ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചില്ല. വിചാരണ തുടങ്ങിയതോടെ പ്രതിചേർക്കപ്പെട്ടവർ പിഴയടച്ച് ഒഴിവായിത്തുടങ്ങി. ക്രിമിനൽ കേസുകൾ വിചാരണക്ക് വിട്ട് മറ്റ് കേസുകൾ പിൻലിക്കുമെന്ന് 2021 ഒക്ടോബർ 13ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയിരുന്നു.
എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പ്രതികളായ കേസ് 1200 രൂപവീതം അടച്ച് പിൻവലിക്കുകയായിരുന്നു. ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിചാരണക്ക് എടുത്ത കേസിൽ പൊലീസാണ് പിഴയടക്കാമെന്ന് നിർദേശിച്ചത്.
ദേശവിരുദ്ധ പ്രവർത്തനം (വകുപ്പ് 123), മാരകമായ മുറിവേൽക്കൽ (324), വധശ്രമം (307,308) തുടങ്ങിയ വകുപ്പുകൾ ഒഴികെയാണ് പിൻവലിക്കുകയെന്ന് പറഞ്ഞെങ്കിലും കാസർകോട് 18 പെറ്റി കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്ത് 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ പരിശോധിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിരുന്നു. ആറുമാസം മുമ്പ് എല്ലാ പൊലീസ് സ്റ്റേഷനുകളിൽനിന്നും പിൻവലിക്കാവുന്ന, ഗുരുതരമല്ലാത്ത കേസുകളുടെ പട്ടികയും അയച്ചുകൊടുത്തു. 'കേസുകൾ സർക്കാറിന് അയച്ചുകൊടുത്തു. പിൻവലിക്കാനുള്ള തീരുമാനം സർക്കാറാണ് ഹൈകോടതിയിൽ നൽകി നടപടി സ്വീകരിക്കേണ്ടതെ'ന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോടു പറഞ്ഞു. തിരുവനന്തപുരംസിറ്റി 39, റൂറൽ 47, കൊല്ലം സിറ്റി 15, റൂറൽ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, എറണാകുളം സിറ്റി 17, റൂറൽ 38, തൃശൂർ 66 റൂറൽ 20, പാലക്കാട് 85, മലപ്പുറം 93, കോഴിക്കോട് സിറ്റി 103, റൂറൽ 103, വയനാട് 32, കണ്ണൂർ 54, റൂറൽ 39, എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കേസുകൾ. ഇതിൽ കണ്ണൂർ ജില്ലയിലെ രണ്ടു കേസുകൾ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.