തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കൽ പാളയം നിർമിക്കാൻ മൂന്നാമതും പുനർവിജ്ഞാപനം ചെയ്ത് സർക്കാർ. തിരുവനന്തപുരത്തോ തൃശൂരോ സന്നദ്ധസംഘടനകളുടെ സഹായത്തോടെ തടങ്കൽ പാളയങ്ങൾ (ഡിറ്റെൻഷൻ സെൻറർ) ആരംഭിക്കാൻ ജൂണിൽ ഇറക്കിയ വിജ്ഞാപനമാണ് വീണ്ടും സാമൂഹികനീതി വകുപ്പ് പുനർവിജ്ഞാപനം ചെയ്തിരിക്കുന്നത്. കേന്ദ്രനിർദേശമനുസരിച്ച് തടങ്കൽ പാളയം ആരംഭിക്കാൻ 2019 ൽ ആരംഭിച്ച നടപടികൾ വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിർത്തിവെച്ചിരുന്നു.
ജൂണിലെ വിജ്ഞാപനത്തോട് വേണ്ടത്ര പ്രതികരണം ഉണ്ടാവാത്തതിനെതുടർന്ന് ഇത്തവണ പത്രത്തിൽ പരസ്യം നൽകിയാണ് തടങ്കൽപാളയങ്ങൾ നിർമിക്കാൻ താൽപര്യമുള്ള സംഘടനകളെ ക്ഷണിച്ചത്. അതേസമയം കൂടുതൽ വിവരങ്ങൾക്കായി നൽകിയ സാമൂഹികനീതി വകുപ്പിെൻറ വിലാസത്തോടൊപ്പമുള്ള ഫോൺ നമ്പർ നിലവിൽ പ്രവർത്തിക്കുന്നതുമല്ല.
തിരുവനന്തപുരത്തോ തൃശൂരോ ഒരുസമയം പരമാവധി 10 പേർക്ക് താമസിക്കാൻ കഴിയുന്ന ഡിറ്റെൻഷൻ സെൻററാണ് സ്ഥാപിക്കുക. സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന പൊലീസിനാണ്.
കേന്ദ്ര സർക്കാർ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപടികളുമായി മുന്നോട്ടുപോകുേമ്പാൾ പൗരത്വം നിഷേധിക്കുന്നവർ തടങ്കൽപാളയങ്ങളിൽ തള്ളപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അേപ്പാഴാണ് 'അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട്/ വിസ കാലാവധി തീർന്ന ശേഷവും രാജ്യത്ത് തുടരുന്നവരെയും ശിക്ഷാകാലാവധി പൂർത്തിയാക്കി അവരവരുടെ രാജ്യത്തേക്ക് മടങ്ങാനുള്ള നിയമനടപടികൾ പൂർത്തിയാവാൻ കാക്കുന്നവരെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംസ്ഥാനതലത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഒരു ഡിറ്റൻഷൻ സെൻറർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു' വെന്ന് വിജ്ഞാപനം ആവർത്തിക്കുന്നത്.
താൽപര്യമുള്ള സന്നദ്ധസംഘടനകൾ ജൂലൈ 20ന് വൈകീട്ട് അഞ്ചിന് മുമ്പ് വിശദമായ നിർദേശം നൽകണമെന്നും പറയുന്നു. അടിസ്ഥാനസൗകര്യത്തിന് പുറെമ സി.സി.ടി.വി, മുള്ളുവേലി അടക്കം ഏർപ്പെടുത്തുമെന്നും ആവർത്തിച്ചിട്ടുണ്ട്.
വിഷയത്തിൽ സാമൂഹികനീതി വകുപ്പോ മുഖ്യമന്ത്രിയോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ക്രിമിനൽ കേസുകളിലും മറ്റും ശിക്ഷിക്കപ്പെട്ട് കാലാവധി പൂർത്തിയായവരെ പാർപ്പിക്കാനുള്ള കേന്ദ്രം േവണമെന്ന ഹൈകോടതി വിധി പ്രകാരമാണ് തടങ്കൽപാളയങ്ങൾ നിർമിക്കുന്നതെന്ന വാദമാണ് സി.പി.എം സൈബർ കേന്ദ്രങ്ങൾ ഉയർത്തുന്നത്. എന്നാൽ കോടതി നിർദേശപ്രകാരമാണ് തടങ്കൽപാളയങ്ങൾ സ്ഥാപിക്കുന്നതെന്ന് സാമൂഹികനീതിവകുപ്പ് പുനർ വിജ്ഞാപനത്തിൽ ഒരിടത്തും പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.