തിരുവനന്തപുരം: നിയമോപദേശം വകെവക്കാതെ ദേവസ്വം ബോർഡുകളിലെ സാമ്പത്തിക സംവരണ തീരുമാനവുമായി മുന്നോട്ടുപോകാനുറച്ച് സംസ്ഥാന സർക്കാർ. ഇതിനായി നിയമഭേദഗതി ഉൾപ്പെടെ പരിഗണിക്കുന്നുമുണ്ട്. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാറിന് നിയമോപദേശം നൽകിയിരുന്നു. നിയമോപദേശം കാര്യമാക്കാതെ ദേവസ്വം ബോർഡുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാനാണ് നീക്കം. ഇതോടൊപ്പം വീണ്ടുമൊരു നിയമോപദേശം തേടുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമോപദേശം സർക്കാർ പരിശോധിച്ചുവരികയാണ്. എന്നാൽ, ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കും. ഇതിനാവശ്യമായ നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാറിെൻറ ഇൗ നീക്കത്തിന് എൻ.എസ്.എസിെൻറ പിന്തുണയുമുണ്ട്. എസ്.എൻ.ഡി.പിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് മൂലം മറ്റ് സമുദായങ്ങൾക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. മറ്റ് സമുദായങ്ങൾക്കും സംവരണം വർധിക്കുകയേയുള്ളൂ. ദേവസ്വംബോർഡുകളിൽ മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന തീരുമാനത്തിൽനിന്ന് പിന്നാക്കം പോകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് മുന്നണിക്കും സർക്കാറിനുമുള്ളത്. അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചുകൊണ്ടുള്ള തീരുമാനം ഏടുത്തതിലൂടെ കേരള സർക്കാറിന് രാജ്യമെങ്ങും നല്ല പിന്തുണയാണ് ലഭിച്ചതും. സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് തിരുവിതാംകൂർ ദേവസ്വംബോർഡും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശമാണ് നിയമ സെക്രട്ടറി സർക്കാറിന് നൽകിയത്. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംവരണ വിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി വിധിക്കെതിരാണ് ഇൗ തീരുമാനമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള നിയമപ്രശ്നങ്ങൾ ഒഴിവാക്കാനായി നിയമഭേദഗതി ഉൾപ്പെടെ കൊണ്ടുവരാനാണ് സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.