കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്ത ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇത്തവണയും യാത്രക്കായി വലിയ തുക ചെലവഴിക്കേണ്ടി വരും. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍നിന്ന് അനുമതിയില്ലാത്തതിനാല്‍ ഹജ്ജ് സർവിസുകള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ടെൻഡര്‍ നല്‍കിയിരിക്കുന്നത്. ജിദ്ദയിലേക്ക് 1.25 ലക്ഷം രൂപയാണ് വിമാന കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4000 രൂപ അധികമാണിത്. കഴിഞ്ഞ വര്‍ഷം 1.21 ലക്ഷം രൂപയായിരുന്നു കരിപ്പൂരില്‍നിന്നുള്ള യാത്രനിരക്ക്. 180 സീറ്റുകളുള്ള വിമാനമാണ് എയര്‍ ഇന്ത്യ ഹജ്ജ് സർവിസിനായി ഉപയോഗിക്കുക.
കണ്ണൂരില്‍നിന്നും കൊച്ചിയില്‍നിന്നും സർവിസിന് ടെൻഡര്‍ നല്കിയ സൗദി എയര്‍ലൈന്‍സ് രേഖപ്പെടുത്തിയ തുകയും കരിപ്പൂരില്‍ രേഖപ്പെടുത്തിയ തുകയും തമ്മില്‍ വലിയ അന്തരമാണുള്ളത്. കണ്ണൂരില്‍നിന്ന് 87,000 രൂപയും കൊച്ചിയില്‍നിന്ന് 86,000 രൂപയുമാണ് ടിക്കറ്റ് നിരക്കായി സൗദി എയര്‍ലൈന്‍സ് നല്കിയ ടെൻഡറിലുള്ളത്. ഹജ്ജ് യാത്രക്കുള്ള ടെൻഡര്‍ ഉറപ്പിച്ച് അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. സംസ്ഥാനത്ത് മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള യാത്രനിരക്കുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസ് 1.65 ലക്ഷം രൂപക്കായിരുന്നു ടെൻഡര്‍ നല്‍കിയിരുന്നത്. കടുത്ത പ്രതിഷേധം മുന്‍നിര്‍ത്തി സര്‍ക്കാറും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഇത് പിന്നീട് 1.21 ലക്ഷമാക്കി കുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.