പാലക്കാട്: ഹണിട്രാപ്പ് വഴി വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം കവർന്ന കേസിൽ പിിടിയിലായത് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആരാധകരുടെ 'ഫിനിക്സ് കപ്പ്ൾ' ആയ ദേവു-ഗോകുൽ ദീപ് ദമ്പതികൾ. കൊല്ലം പെരുന്നാട് സ്വദേശി ദേവു (24), ഭർത്താവ് കണ്ണൂർ വലിയന്നൂർ സ്വദേശി ഗോകുൽ ദീപ് (29) എന്നിവർ ഉൾപ്പെടെ ആറു പേരാണ് കേസിൽ അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ദേവു-ഗോകുൽ ദീപ് ദമ്പതികൾ സജീവമാണ്.
ഇരിങ്ങാലക്കുട സ്വദേശിയായ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പിലാക്കി തട്ടിക്കൊണ്ടുപോയി കാറും പണവും ആഭരണവും എടിഎം കാർഡുകളും തട്ടിയെടുത്ത കേസിലാണ് ദമ്പതികളും കൂട്ടാളികളും അറസ്റ്റിലായത്. പാലാ രാമപുരം സ്വദേശി ശരത് (24), ഇരിങ്ങാലക്കുട സ്വദേശികളായ വിനയ്(24), കാക്കേരി ജിഷ്ണു (20), അജിത് (20) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ശരത് ആണ് മുഖ്യസൂത്രധാരൻ. സ്ത്രീവിഷയത്തിൽ തൽപരരായ സമ്പന്നരെ സോഷ്യൽമീഡിയ വഴി കെണിയിലാക്കി ഈസംഘത്തിന് എത്തിച്ചുകൊടുക്കലായിരുന്നു 'ഫിനിക്സ് ദമ്പതികളു'ടെ ചുമതല. ഇങ്ങനെ ഒരാളെ എത്തിച്ചാൽ 40,000 രൂപ വരെയാണ് ഇവർക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.
ഇൻസ്റ്റഗ്രാമിൽ നിരവധി റീൽസുകളാണ് ഇവരുടെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ദുബൈയിൽ ആർഭാട ജീവിതം നയിച്ചിരുന്ന ഇവർ കടം കയറിയാണ് ഒടുവിൽ ഹണിട്രാപ്പിലേക്ക് തിരിഞ്ഞതത്രെ. ഏറ്റവും ഒടുവിൽ സംഘം കെണിയിൽപെടുത്തിയ ഇരിങ്ങാലക്കുടയിലെ ധനകാര്യ സ്ഥാപന ഉടമയുടെ വീടിനു മുകളിൽ പ്രതികളിൽ ഒരാൾ പ്രളയകാലത്ത് താമസിച്ചിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാളെ സംഘം നിരീക്ഷിച്ച് ഹണിട്രാപ്പിൽപെടുത്തിയത്.
കോട്ടയം സ്വദേശി ശരത്താണ് സ്ത്രീയുടെ പേരിൽ പ്രൊഫൈൽ തയാറാക്കി സമൂഹമാധ്യമം വഴി പരാതിക്കാരനുമായി അടുപ്പമുണ്ടാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖബാധിതയായ അമ്മ മാത്രമേ ഉള്ളൂവെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ചാറ്റിങ്.
കാണാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു, ഗോകുൽ ദീപ് ദമ്പതികളെ വാടകക്കെടുത്തു. പിന്നീട് ദേവു വ്യവസായിക്ക് ശബ്ദസന്ദേശങ്ങളടക്കം അയച്ചുകൊടുക്കുകയായിരുന്നു. ശരത് ചാറ്റ് ചെയ്യുമ്പോൾ വ്യവസായിയോട് പാലക്കാടാണ് വീടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾത്തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകക്കെടുത്തത്. തുടർന്നു ദേവുവിനെ ഉപയോഗപ്പെടുത്തി പരാതിക്കാരനെ യാക്കരയിലേക്കു വിളിച്ചു വരുത്തി. ഞായറാഴ്ചയാണ് ഇയാൾ പാലക്കാട്ടെത്തിയത്.
വ്യവസായി ദേവുവിന്റെ അരികിൽ എത്തിയതിന് പിന്നാലെ ശരത് ഉൾപ്പെടെയുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് വീട്ടിൽ പ്രവേശിച്ചു. ആദ്യം ദേവുവിനെ കൈകാര്യം ചെയ്യുന്നതായി അഭിനയിച്ച സംഘം പിന്നാലെ ഇയാളുടെ 4 പവൻ സ്വർണമാല, മൊബൈൽ ഫോൺ, 1000 രൂപ, എടിഎം കാർഡുകൾ എന്നിവ തട്ടിയെടുക്കുകയായിരുന്നു. പിന്നീട്, ഇയാളെ കണ്ണുകെട്ടി കാറിൽ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടു പോയി. വഴിയിൽവെച്ച് മൂത്രമൊഴിക്കണമെന്നു ആവശ്യപ്പെട്ടതോടെ വാഹനം നിർത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ ഫോട്ടോയും വിഡിയോയും എടുത്തിരുന്ന സംഘം ഫോൺവഴി ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. കാലടിയിലെ ലോഡ്ജിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.