മലപ്പുറം: മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം തലപ്പലം അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിനെയാണ് (34) മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
വിവിധ നമ്പറുകളിൽനിന്ന് പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികൾ പരാതിക്കാരിക്കെതിരെ മുംബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പർ ആണെന്നും നമ്പർ ഉടനെ റദ്ദാകുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് ഓഫിസറുടെ വേഷത്തില്‍ വാട്സ് ആപ്പിലൂടെ വിഡിയോ കാൾ ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും അറസ്റ്റ് വാറന്റുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പല പ്രാവശ്യം പ്രതികൾ വിഡിയോ കാളുകളും വോയ്സ് കാളുകളും ചെയ്ത് പരാതിക്കാരി ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേസ് അവസാനിപ്പിക്കുന്നതിന് പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നും പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് 93 ലക്ഷം രൂപ അയപ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടമായതിനുശേഷമാണ് തട്ടിപ്പിനിരയായ സ്ത്രീ പൊലീസിൽ പരാതി നൽകിയത്.
ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി വി. ജയചന്ദ്രന്‍റെ കീഴിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്‍റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സൈബര്‍ പൊലീസ് ടീം എസ്.ഐമാരായ അബ്ദുല്‍ ലത്തീഫ്, കെ.വി.എം. നജുമുദ്ദീന്‍, എ.എസ്.ഐ റിയാസ് ബാബു, സി.പി.ഒമാരായ കൃഷ്ണേന്ദു, മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍, ജയപ്രകാശ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.