കൊണ്ടോട്ടി: താലൂക്ക് സർവ്വേ വിഭാഗം നടത്തിയ സർവേയിൽ കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും കരിപ്പൂർ വിമാനത്താവളവുമായി അതിരുടുന്ന പ്രദേശം മാർക്ക് ചെയ്ത് നൽകി.എയർപ്പോർട്ട് ടെർമിനലിനു പുറമെയുള്ള ഭാഗങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നെങ്കിലും ടെർമിനലിലെയും റൺവേയിലുമുള്ള ഭാഗങ്ങളിലെ അതിരുകൾ രേഖപ്പെടുത്തന്ന പ്രവർത്തികളാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇരു തദ്ദേശ സ്ഥാപനങ്ങളും വിമാനത്താവളവമായി പങ്കിടുന്ന അതിർത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന കൊണ്ടോട്ടി നഗരസഭ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ സർവേ നടത്തി അതിര് മാർക്ക് ചെയ്തത്.
വിമാനത്താവളത്തിലൂടെ ലഭിക്കുന്ന നികുതി വരുമാനണ് അതിര് തർക്കത്തിന് ഇടയാക്കിയത്. വിമാനത്താവളത്തിന്‍റെ പേരും പെരുമയും കൊണ്ടോട്ടിക്കും എന്നാൽ നികുതി വരുമാനം പള്ളിക്കൽ പഞ്ചായത്ത് കൊണ്ടു പോകുന്നുവെന്ന് നഗരസഭ നേരത്തെതന്നെ ആരോപണം ഉന്നയിച്ചിരുന്നു. ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ച് നടത്തിയ സർവ്വേ പ്രകാരം നിലവിൽ പള്ളിക്കൽ പഞ്ചായത്ത് കെട്ടിട നികുതിയും തൊഴിൽ നികുതിയും വാങ്ങിക്കൊണ്ടിരിക്കുന്ന ഫയർ സ്റ്റേഷനും അന്താരാഷ്ട്ര ടെർമിനലിന്‍റെ പുതുതായി നിർമ്മിച്ച ബിൽഡിങ്ങുൾപ്പെടെ ടെർമിനലിന്റെ 35 ശതമാനത്തിലധികം ഭാഗവും കാർഗോ കോംപ്ലക്സിന്റെ വലിയൊരു ഏരിയയും കൊണ്ടോട്ടി നഗരസഭ പരിധിയിൽ ആണെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
ഇതോടെ കൊണ്ടോട്ടി നഗരസഭക്ക് കെട്ടിട നികുതി ഇനത്തിലും തൊഴിൽ നികുതി ഇനത്തിലും ലക്ഷങ്ങളുടെ വരുമാനം ഉണ്ടാവുമെന്നും നഗരസഭ ഭരണസമിതി അവകാശപ്പെട്ടു. എയർപ്പോർട്ട് ലാന്‍റ് മാനേജർ നാരായണന്‍റെ സാനിദ്ധ്യത്തിൽ കൊണ്ടോട്ടി നഗരസഭ ഓവർസിയർ അബ്ദുൽനാസർ, റവന്യൂ ഇൻസ്പെക്ടർ സന്തോഷ് ബാബു, കൊണ്ടോട്ടി താലൂക്ക് സർവ്വേയർമാരായ ഉണ്ണികൃഷ്ണൻ, ഷൈജു, സ്മിത്ത് തുടങ്ങിയവരാണ് മർക്കിങ്ങ് പ്രവൃർത്തികൾ പൂർത്തീകരിച്ചത്. എയർപ്പോർട്ട് ഡയരക്ടർ ആർ.മഹാലിംഗവുമായുള്ള കൂടികാഴ്ചയിൽ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് മടാൻ, മുഹിയുദ്ദീൻ അലി, നഗരസഭാ സുപ്രണ്ട് ബോബി ചാക്കോ, കൗൺസിലർമാരായ കെ.പി ഫിറോസ്, വി.കെ ഖാലിദ്, പി.പി റഹ്മത്തുള്ള, വെട്ടോടൻ അലി, ഫാറൂഖ് ചൊക്ലി അബ്ദുറസാഖ്, സുഹൈറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.