തർക്കങ്ങൾ കോൺഗ്രസിന് തിരിച്ചടിയാവും; ഉടൻ പരിഹരിക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ എം.പി. പുനഃസംഘടന സംബന്ധിച്ച് പരാതി ഉന്നയിച്ച ബെന്നി ബഹനാൻ, എം.കെ രാഘവൻ അടക്കമുള്ളവർ പാർട്ടിയിലെ മുതിർന്ന നേതാക്കളാണ്. അവരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുവിഭാഗം മാറിനിന്നാൽ വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേർന്ന് തർക്കങ്ങൾ പരിഹരിക്കണം. സുൽത്താൻ ബത്തേരിയിലെ ക്യാമ്പിലുണ്ടായ ആവേശം നിലനിർത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം പോലും കോൺഗ്രസിന് ഒരു തലവേദനയല്ല. സിറ്റിങ് എം.പിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് നിർദേശം. സ്ഥാനാർഥിത്വത്തിൽ നിന്ന് സ്വയം മാറുന്നവർക്ക് മാത്രം പകരക്കാരെ നോക്കിയാൽ മതി. പിന്നെ എന്തിനാണ് ബഹളം വെക്കുന്നത്. ഗ്രൂപ്പ് യോഗം ചേരുന്നത് ശരിയോ തെറ്റോ എന്ന് താൻ പറയുന്നില്ല. യോഗം ചേർന്നവർ മുതിർന്ന നേതാക്കളാണ്. അവരെ ഉപദേശിക്കാൻ താൻ ആളല്ല.

തന്‍റെ നിയോജകമണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്‍റിനെ പത്രത്തിലൂടെയാണ് അറിഞ്ഞത്. എല്ലാ കാലത്തും ഇങ്ങനെയാണ് നടന്നിട്ടുള്ളത്. പ്രശ്നപരിഹാരം കേരളത്തിൽ സാധ്യമാകുമെന്നും അതിന് ഹൈക്കമാൻഡിനെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Disputes in Block President's Reorganization should be resolved -K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.